മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 63,294 പേർക്കാണ് ഞായറാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഭയപ്പെടുത്തുന്ന നിലയിലാണ് ഉയരുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. മരണസംഖ്യ 57,987 ആയി ഉയർന്നു.
രോഗവ്യാപനം കൂടിയതോടെ ചികിൽസ ലഭ്യമാക്കാൻ ആശുപത്രികൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. രോഗികൾക്ക് അത്യാവശ്യമായ ഓക്സിജന്റെ ലഭ്യത തീരെ കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ കിടക്കകൾ ലഭിക്കുന്നതിനായി പരക്കം പായുകയാണ് ജനങ്ങൾ. ഒസ്മാനാബാദ് ജില്ലയില്‍ കിടക്കളുടെ കുറവ് മൂലം വീല്‍ ചെയറില്‍ ഇരുത്തിയാണ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കിയത്.
ആരോഗ്യനില മോശമായ രോഗികൾ വരെ കിടക്കക്കായി ആശുപത്രികൾ തോറും കയറി ഇറങ്ങുകയാണ്. ബെഡുകള്‍ ഒഴിവുണ്ടെങ്കിലും രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞ രോഗികളെ വെന്റിലേറ്റര്‍ ഇല്ലെന്ന കാരണത്താല്‍ ചില ആശുപത്രികള്‍ തിരിച്ചയക്കുകയാണ്.
34,008 പേര് ആശുപത്രി വിട്ടപ്പോള്‍ രോഗമുക്തരുടെ എണ്ണം 27.82 ലക്ഷമായി. 5.65 ലക്ഷം പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിൽസയിലുള്ളത്. മുംബൈയില്‍ 9,989 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 58 പേര് മരിക്കുകയും ചെയ്തു. നഗരത്തില്‍ മരണസംഖ്യ കുത്തനെ ഉയരുകയാണ്. ശനിയാഴ്ച 50 പേരായിരുന്നു മരിച്ചത്. ഇതോടെ മരണസംഖ്യ 12,017ലേക്ക് ഉയര്‍ന്നു.
ലോക്ക്ഡൗൺ പോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം ഏപ്രിൽ 14ന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്.
Also Read: കോവിഡ്; അതിർത്തികളിൽ ജാഗ്രത കർശനമാക്കാൻ കർണാടക










































