കൊച്ചി: ലോകായുക്‌തയുടെ ഉത്തരവിൽ അടിയന്തിര സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഹരജി മാറ്റിവെച്ചത്. ലോകായുക്‌ത ഉത്തരവ് നിയമപരമല്ല എന്നാണ് കെടി ജലീലിന്റെ പ്രധാന വാദം.
ഉത്തരവിലേക്ക് നയിച്ച നടപടിക്രമങ്ങൾ ശരിയായ രീതിയിലുള്ളതല്ലെന്ന് ജലീൽ ആരോപിച്ചു. പ്രാഥമിക അന്വേഷണവും അതിന് ശേഷം നടത്തേണ്ട വിശദ അന്വേഷണവും നിയമപ്രകാരം നടത്താതെയാണ് ലോകായുക്‌ത ഉത്തരവ് ഇറക്കിയതെന്നും ജലീലിന്റെ അഭിഭാഷകൻ വാദിച്ചു.
ഇരുവിഭാഗത്തിന്റെയും സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടുള്ള വിധിന്യായമാണ് ലോകായുക്‌തയുടെ ഭാഗത്ത് നിന്നുണ്ടായത്. അത് നിയമപരമായി ശരിയല്ല. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകിയില്ലെന്നും സ്വാഭാവിക നീതിയുടെ നിഷേധമുണ്ടായെന്നും ജലീൽ കോടതിയിൽ അറിയിച്ചു.
അതേസമയം, ഇക്കാര്യങ്ങളിൽ പിന്നീട് വിധി പറയാമെന്ന് വ്യക്‌തമാക്കിയ ഹൈക്കോടതി കെടി ജലീൽ മന്ത്രിസ്‌ഥാനത്ത് തുടരുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. തുടരുന്നില്ലെന്നും രാജിവെച്ചുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് സ്‌റ്റേ ആവശ്യത്തിൽ അടിയന്തിര തീരുമാനത്തിലേക്ക് പോകാതെ കേസ് പിന്നീട് വിധി പറയാനായി മാറ്റി.
Read also: ഇ-പോസ് യന്ത്രത്തകരാർ; സംസ്‌ഥാനത്ത് റേഷൻ വിതരണം പുനഃസ്‌ഥാപിച്ചു