കാസർഗോഡ്: ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കാണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് (63) മരിച്ചത്. മകൻ സുജിത് (34) ആണ് രുഗ്മിണിയെ മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് രുഗ്മിണി മരിച്ചത്.
അമിതമായ ഫോൺ വിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് സുജിത് മർദ്ദിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച പുലർച്ചെയാണ് മകൻ രുഗ്മിണിയെ അടിച്ചും ചുമരിലിടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചത്. തുടർന്ന് ചികിൽസയിലായിരുന്നു. സുജിത് ലഹരിക്ക് അടിമയാണെന്നാണ് വിവരം. സംഭവത്തിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ പ്രേംസദന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചികിൽസയ്ക്കായി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുള്ളതായി ഡോക്ടർമാർ റിപ്പോർട് നൽകിയതിനെ തുടർന്നാണ് സുജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തും.
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!