തിരുവനന്തപുരം : മന്ത്രി കെടി ജലീലിന്റെ രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുവെന്നും, എന്നാൽ അദ്ദേഹം തെറ്റ് ചെയ്തതായി ആരും അംഗീകരിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കെടി ജലീൽ രാജി വച്ചത്. ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ രാജി സമർപ്പിച്ചത്. വിധിക്കെതിരെ അദ്ദേഹം സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജലീൽ തന്റെ ബന്ധുവായ കെടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തിയത്. തുടർന്ന് ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.
Read also : അമേരിക്കൻ എണ്ണക്ക് പിന്നാലെ ഇന്ത്യ; ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി





































