ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.
പൊന്നമ്പലമേട്ടിൽ മൂന്നുതവണയാണ് മകരവിളക്ക് തെളിഞ്ഞത്. ഒരേമനസോടെ ശരണംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്‌തരാണ് ദർശന പുണ്യം നേടി ഇനി മലയിറങ്ങുക. ഇന്ന് പുലർച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകൾ തുടങ്ങിയത്. 5.30ന് ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബുവിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് അധികൃതർ വരവേറ്റ് സന്നിധാനത്തേക്ക് ആനയിച്ചു.
വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടർന്ന് 6.30ഓടെ പതിനെട്ടാം പടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ, തമിഴ്‌നാട് ഹിന്ദുമത ധർമ സ്‌ഥാപന വകുപ്പ് മന്ത്രി പികെ ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തിരുവാഭരണ പേടകം സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്‌ഠരര് രാജീവരും മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി ദീപാരാധനയ്‌ക്കായി നട അടച്ചു. അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പൾ കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഇതോടെ സന്നിധാനം ശരണ മന്ത്രങ്ങളാൽ മുഖരിതമായി.
തിരുവാഭരണം ചാർത്തി 17ആം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 18ആം തീയതിവരെയാണ് നെയ്യഭിഷേകം. 19ആം തീയതിയാണ് മാളികപ്പുറത്തെ മഹാഗുരുതി. മകരവിളക്കിനായി പോലീസ് വലിയ സുരക്ഷയായിരുന്നു വിവിധയിടങ്ങളിൽ ഒരുക്കിയിരുന്നത്. പമ്പയിലും സന്നിധാനത്തുമായി 5000 പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
Most Read| ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?