തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ തുടർ നടപടികൾ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്ന് അനുപമ ആരോപിച്ചു.
തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്‌തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ. കുറ്റം ചെയ്‌തവരാണ് ഇപ്പോഴും സ്‌ഥാനത്തിരിക്കുന്നത്. നടപടികൾ ഇനിയും നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെങ്കിൽ സമാധാനപരമായി സമരം ചെയ്യില്ലെന്നും അനുപമ പറയുന്നു. തൈക്കാട് ശിശുക്ഷേമ സമിതി ആസ്‌ഥാനത്തിന് മുന്നിൽ അനിശ്‌ചിതകാല സമരം നടത്തുകയാണ് അനുപമ ഇപ്പോൾ.
അതേസമയം, കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്നുണ്ടായേക്കും. അതിനുശേഷമാകും ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങുക. കുഞ്ഞിനെ തിരികെ ലഭിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിഡബ്ള്യുസിക്ക് ഇന്ന് റിപ്പോര്‍ട് നല്‍കും. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കേരളത്തിലെത്തിച്ചത്. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്‌ഥയും പോലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്.
Most Read: അന്തേവാസിയെ മർദ്ദിച്ച സംഭവം; അർപ്പിത സ്‌നേഹാലയം അടച്ചു പൂട്ടാൻ ഉത്തരവ്