തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. കെകെ രമ എംഎല്‍എയാണ് നോട്ടീസ് നല്‍കുക. വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ കൂട്ടു നിന്ന രാജ്യത്തെ ആദ്യ ദുരഭിമാന കുറ്റകൃത്യമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
നിയമവിരുദ്ധമായി കുട്ടിയെ കൈമാറ്റം ചെയ്‌ത ശിശുക്ഷേമ സമിതി പിരിച്ചു വിടണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടും. നേരത്തെ വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്‌ഥാന നേതൃത്വത്തിന് റിപ്പോര്‍ട് നല്‍കിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ സംസ്‌ഥാന നേതൃത്വം വിളിച്ചുവരുത്തി. ആനാവൂര്‍ നാഗപ്പൻ എകെജി സെന്ററിലെത്തി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനെ കണ്ടു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ശേഷം എകെജി സെന്ററിലെത്തിയ ആനാവൂര്‍ നാഗപ്പന്‍ അര മണിക്കൂറോളം കോടിയേരിയുമായി സംസാരിച്ചു. ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ആനാവൂര്‍ നാഗപ്പൻ ഇടപെടൽ നടത്തിയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇതിൽ വിശദീകരണം തേടാനാണ് വിളിച്ചു വരുത്തിയത്.
Read Also: കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടെ യോഗം ഇന്ന് ചേരും