ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ബില്ലിനെതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ലോകസഭ കൂടി ബഹിഷ്ക്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇടത് പാര്‍ട്ടികള്‍. വിഷയം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും. രാജ്യസഭക്കൊപ്പം ലോകസഭയും ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കുന്ന വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തിന് ശേഷം തീരുമാനം കൈക്കൊണ്ട് സ്പീക്കറെ അറിയിക്കും.
അതേസമയം ഇന്ന് സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷന് ആക്ട് ഭേദഗതി ബില്‍ അടക്കം ആറ് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദ വോട്ടോടുകൂടി മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
Related News: കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് കർഷകരല്ല
കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി വലിയ രീതിയിലുള്ള കര്‍ഷക പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, എന്‍സിപി, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയവയാണ് കത്തയച്ചത്. ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലൂടെയാണ് സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയതെന്നാണ് പ്രതിപക്ഷം കത്തില്‍ ആരോപിക്കുന്നത്. കൂടാതെ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കാതെ തിരിച്ചയക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കത്തില്‍ ആവശ്യപ്പെട്ടു.
Read Also: പാലാരിവട്ടം പാലം ഒന്‍പത് മാസത്തിനകം, മേല്‍നോട്ട ചുമതല ഇ. ശ്രീധരന്







































