ന്യൂഡെൽഹി: ‘അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്ക് കീഴിലുള്ള സെലക്ഷൻ ആരംഭിക്കുന്ന ആദ്യ സർവീസായി ഇന്ത്യൻ എയർഫോഴ്സ്. ‘അഗ്നിവീരൻമാരെ’ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജൂൺ 24 മുതൽ ആരംഭിക്കും.
“ഇന്ത്യൻ സേനയിലേക്കുള്ള ഉയർന്ന പ്രായപരിധി (റിക്രൂട്ട്മെന്റിനുള്ള) 23 വയസായി പുതുക്കിയ വിവരം അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് യുവാക്കൾക്ക് പ്രയോജനം ചെയ്യും. ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ജൂൺ 24ന് ആരംഭിക്കും,”- എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു.
ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രത്തിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് വ്യോമസേന നടപടികൾ തുടങ്ങുന്നത്.
17.5 മുതൽ 21 വരെ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ‘അഗ്നിവീർ’ ആയി മൂന്ന് സേനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുത്താൻ പ്രാപ്തരാക്കുന്നതാണ് കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്നിരിക്കുന്ന അഗ്നിപഥ് പദ്ധതി. പ്രായപരിധി പിന്നീട് 21ൽ നിന്ന് 23 ആക്കി ഉയർത്തിയിട്ടുണ്ട്.
ഈ വർഷം 46,000 പേരെയാണ് നിയമിക്കുന്നത്. 4 വർഷത്തിനുശേഷം മറ്റു ജോലികളിലേക്കു മാറാം. 90 ദിവസത്തിനകം റിക്രൂട്ട്മെന്റ് ആരംഭിക്കും. ആദ്യവർഷം മറ്റ് ആനുകൂല്യങ്ങൾ കൂടാതെ 30,000 രൂപയാണ് ശമ്പളം. പത്താം ക്ളാസ് ആണ് അടിസ്ഥാന യോഗ്യത.
സേവനകാലയളവിൽ മികവു പുലർത്തുന്നവരെ സൈന്യം നിലനിർത്തും. സേവനത്തിനു ശേഷം മടങ്ങുന്നവരെ ജോലിക്കെടുക്കാൻ കോർപറേറ്റ് കമ്പനികളുമായി ധാരണയുണ്ടാക്കാനും ആലോചനയുണ്ട്. അച്ചടക്കം പരിശീലിച്ചവർക്ക് ജോലി നൽകാൻ കമ്പനികളും താൽപര്യം കാട്ടുമെന്നാണു പ്രതീക്ഷ. കോവിഡ് വ്യാപനം കര, നാവിക, വ്യോമ സേനകളിലെ റിക്രൂട്ട്മെന്റിനെ പ്രതികൂലമായി ബാധിച്ചിരുന്നു. 3 സേനകളിലുമായി നിലവിൽ 1.25 ലക്ഷം ഒഴിവുകളുണ്ട്.







































