തിരുവനന്തപുരം: സമരം ഒത്തുതീർപ്പായെങ്കിലും ജീവനക്കാർ എത്താതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരിൽ നിന്നുള്ള രണ്ട് സർവീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ് ഇന്ന് രാവിലെ റദ്ദാക്കിയത്.
അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറിൽ ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി.
കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല.
ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായി സാധാരണ നിലയിലേക്ക് ആവാത്തതിനാലാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതോടെ ജോലി നഷ്ടപ്പെടുന്നത് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ വേറെയും.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്