കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ച് ആഴ്‌ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവുകൾ വരുത്താതെ മുന്നോട്ട് പോകുകയാണ് കമ്പനികൾ. ഈ അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്‌ത് കരിഞ്ചന്തയിൽ വിൽക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
കൊച്ചിയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന സർവീസുകളിൽ ഒന്നര ലക്ഷത്തിന് മുകളിലാണ് നിലവിൽ നിരക്ക്. രണ്ട് ദിവസം മുൻപ് വരെ ഇത് 3 ലക്ഷത്തിന് മുകളിലായിരുന്നു. കൂടാതെ സൗദി അറേബ്യയിലേക്ക് പോകാൻ 35,000 രൂപയും, ബഹ്റൈനിലേക്ക് പോകാൻ അമ്പതിനായിരത്തിന് മുകളിലും പ്രവാസികൾ ടിക്കറ്റിനായി മുടക്കണം. കോവിഡ് പ്രതിസന്ധി വലിയ രീതിയിൽ ബാധിച്ച പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് ഇത്രയധികം വർധിപ്പിച്ചത് തിരിച്ചടിയാകുകയാണ്.
നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തിലും മിക്കയിടങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റു തീർന്നു. അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്‌തതാണ് ഇതിന് പിന്നിലെ കാരണമെന്നും, ട്രാവൽ ഏജൻസികൾ ഈ ടിക്കറ്റുകൾ ഉയർന്ന നിരക്കിലാണ് കരിഞ്ചന്തയിൽ വിൽക്കുന്നതെന്നും നിലവിൽ ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകണമെന്ന ആവശ്യവുമായി സംസ്‌ഥാന-കേന്ദ്ര സർക്കാറുകളെ സമീപിച്ചിരിക്കുകയാണ് പ്രവാസികൾ.
Read also: മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പാർടിക്ക് പറയാനില്ല; എ വിജയരാഘവൻ







































