ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടന അഖില ഭാരതീയ അഖാഡെ പരിഷത്തിന്റെ അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജ് (78) ആത്‍മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഠത്തിൽ മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 78 പേജുള്ള ആത്‌മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുറിപ്പില്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാർ ഉൾപ്പടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതുവരെ അഭിമാനത്തോടെയാണ് താൻ ജീവിച്ചതെന്നും ഇനിയങ്ങോട്ട് ആത്‌മാഭിമാനം നഷ്‌ടപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ലെന്നും നരേന്ദ്രഗിരി ആത്‍മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചതായി പോലീസ് പറയുന്നു.
എന്നാൽ ‘ഗുരുജിക്ക് ആത്‌മഹത്യ ചെയ്യാനാവില്ലെന്നും പല കാരണങ്ങളാല്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടു’ എന്നും നരേന്ദ്ര മഹാരാജ് ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരി പറയുന്നു. നരേന്ദ്ര ഗിരിയുടെ മരണത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും ആനന്ദ് ആവശ്യപ്പെട്ടു.
മഹന്ത് നരേന്ദ്ര ഗിരി മഹാരാജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Read also: രാജസ്‌ഥാനിലും ‘പഞ്ചാബ്’ അവർത്തിച്ചേക്കും; മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്








































