മുംബൈ: അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ ആത്‌മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന രംഗത്ത്. അയോധ്യ രാമജൻമഭൂമി വിഷയത്തിൽ ഉൾപ്പടെ മുൻനിരയിൽ പ്രവർത്തിച്ച രാജ്യത്തെ ഏറ്റവും പ്രമുഖനായ ഹിന്ദു സന്യാസിയാണ് നരേന്ദ്രഗിരിയെന്ന് ശിവസേന പറഞ്ഞു.
അദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് ആവശ്യപ്പെട്ടു. മരണകാരണം ആത്‌മഹത്യയെന്ന് പറയപ്പെടുമ്പോഴും ഇതൊരു കൊലപാതകമായാണ് അദ്ദേഹത്തിന്റെ അനുയായികൾ കാണുന്നത്.
ഉത്തർപ്രദേശിൽ ഹിന്ദുത്വത്തിന്റെ കഴുത്ത് ഞെരിക്കപ്പെടുകയാണ്. പൽഘറിൽ (മഹാരാഷ്‌ട്ര) ഒരു ജനക്കൂട്ടം ചില സാധുക്കളെ കൊലപ്പെടുത്തിയപ്പോൾ, ബിജെപി അതിനെ ഹിന്ദുത്വത്തിനെതിരായ ആക്രമണമെന്ന് വിളിച്ചു, ഉത്തർപ്രദേശിൽ നിന്നും ആക്രോശവും രോഷവും ഉയർന്നു. എന്നാലിപ്പോൾ നരേന്ദ്ര ഗിരിയുടെ സംശയാസ്‌പദമായ മരണം പുറത്തുവന്ന രീതി കാരണം, ഉത്തർപ്രദേശിൽ ആരോ ഹിന്ദുത്വത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കരുതേണ്ടി വരും; സഞ്‌ജയ് റാവത്ത് പറഞ്ഞു.
2020 ഏപ്രിലിൽ മഹാരാഷ്‌ട്രയിലെ പാർഘർ ജില്ലയിൽ രണ്ടു ഹിന്ദു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും കൂട്ടക്കൊല ചെയ്‌ത സംഭവത്തെയാണ് റാവത്ത് പരാമർശിച്ചത്. ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് വിഷയത്തിൽ കർശനമായ നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് റാവത്തിന്റെ വിമർശനം.
തിങ്കളാഴ്‌ച വൈകീട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയിൽ നിന്ന് പുറത്തു വരാത്തതിനാൽ ശിഷ്യൻമാർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്‌മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.
Read Also: രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്‌ഥാനം