തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്‌ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്‌ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്‌ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്‌തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.
സംസ്‌ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലൈസന്‍സും രജിസ്‌ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, മൊബൈല്‍ ലാബുകള്‍, കുറ്റക്കാര്‍ക്കെതിരെ നടപടി, ബോധവൽക്കരണം എന്നിവയിലെല്ലാം മികച്ച സൂചികയിലാണ് സംസ്‌ഥാനമുള്ളത്.
ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധനക്കായി 3 എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബുകളാണുള്ളത്. ഇതുകൂടാതെ മൊബൈല്‍ പരിശോധനാ ലാബുകളുമുണ്ട്. ഗ്രാമങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും കൈക്കൊള്ളുന്നുണ്ട്; മന്ത്രി വ്യക്‌തമാക്കി.
Read Also: സംസ്‌ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും