ആലപ്പുഴ : നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തീരുമാനമായി. ജനുവരി 28ആം തീയതിയാണ് ആലപ്പുഴ ബൈപ്പാസ് ഔദ്യോഗികമായി ജനങ്ങൾക്ക് തുറന്നു നൽകുക. കേരള മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും ചേർന്ന് ബൈപ്പാസിന്റെ ഉൽഘാടനം നിർവഹിക്കും.
ആലപ്പുഴ ബൈപ്പാസിന്റെ ഉൽഘാടനത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക് താൽപര്യം ഉണ്ടെന്ന് നേരത്തെ വ്യക്‌തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് എത്താൻ അസൗകര്യം ഉണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിപ്പ് ലഭിച്ചു. തുടർന്നാണ് ജനുവരി 28ആം തീയതി ഉൽഘാടനം നടത്താൻ തീരുമാനമായത്. കഴിഞ്ഞ ദിവസം ബൈപ്പാസിലെ പാലത്തിന്റെ ഭാര പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.
ആലപ്പുഴ ബൈപ്പാസ് എന്ന സ്വപ്‌നത്തിന് ഏകദേശം നാല് പതിറ്റാണ്ടിന്റെ ദൈർഘ്യമുണ്ട്. 1987ൽ തറക്കല്ലിട്ട ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണത്തിൽ തുടർന്ന് തടസങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഇത്രയധികം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ആലപ്പുഴക്ക് ബൈപ്പാസ് എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നത്. ബൈപ്പാസിലൂടെയുള്ള യാത്ര ആരംഭിക്കുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.
Read also : ലക്ഷദ്വീപിൽ കോവിഡ് വ്യാപനം കൂടുന്നു; കേന്ദ്രസംഘം ഉടൻ എത്തും






































