ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ നാല് ഡോക്‌ടർമാർക്കെതിരെ കേസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്‌ത്രീകളുടേയും ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്‌പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്കും എതിരെയാണ് കേസ്.
ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങിലൊന്നിലും ഡോക്‌ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് നവജാത ശിശുവിന്റെ അമ്മ ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകിയത്. ഗുരുതര വൈകല്യങ്ങളാണ് കുട്ടിക്ക് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.
കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്‌ഥാനത്തല്ല. വായ തുറക്കുന്നുമില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്‌ഥയാണ്. കാലിനും കൈക്കും വളവുമുണ്ട്. ഇതൊന്നും ഗർഭകാലത്ത് നടത്തിയ സ്‌കാനിങ്ങിൽ ഡോക്‌ടർമാർക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
ആരോഗ്യവിഭാഗം ഡയറക്‌ടർ ഡിഎംഒയോട് റിപ്പോർട് തേടി. ആശുപത്രി സൂപ്രണ്ടിനോട് സംഭവത്തിൽ അടിയന്തിരമായി റിപ്പോർട് നൽകാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോർട് സൂപ്രണ്ട് ഉടൻ ഡിഎംഒയ്‌ക്ക് കൈമാറും. അതിനിടെ, ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് ഡോക്‌ടർമാർ പ്രതികരിച്ചു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ