കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണവ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അക്രമി സംഘമെത്തിയ കാറിന്റെ നമ്പർ പ്ളേറ്റ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. വെള്ള കാറിലാണ് അക്രമികൾ എത്തിയതെന്നാണ് വ്യാപാരി പോലീസിന് മൊഴി നൽകിയത്.
തുടർന്ന്, സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പർ വ്യാജമെന്ന് കണ്ടെത്തിയത്. കൊടുവള്ളി ബസ് സ്‌റ്റാൻഡിന് സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിന് നേരെയാണ് ഇന്നലെ രാത്രി പത്തരയോടെ ആക്രമണം ഉണ്ടായത്.
കട പൂട്ടി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകവേ കാറിലെത്തിയ നാലംഗ അക്രമി സംഘം ഇടിച്ചുവീഴ്‌ത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി. റോഡിൽ തെറിച്ചുവീണ ബൈജുവിന്റെ ബാഗിലുണ്ടായിരുന്ന ഒന്നേമുക്കാൽ കിലോ സ്വർണവുമായി സംഘം കടന്ന് കളയുകയായിരുന്നു.
മോഷ്‍ടാക്കളെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും ബൈജു പറഞ്ഞു. അപകടത്തിൽ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്. രണ്ടുമാസം മുൻപ് കുതിരാൻ കല്ലിടുക്കിൽ സ്വർണവ്യാപാരിയുടെ വാഹനം തടഞ്ഞു കവർച്ച നടത്തിയ സംഘത്തിന്റെ കാറിന്റെയും നമ്പർ പ്ളേറ്റ് വ്യാജമായിരുന്നു.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്