ദുബൈ: പന്ത്രണ്ടാം ക്ളാസ് വിദ്യാർഥികൾക്കായി കേംബ്രിഡ്ജ് സർവകലാശാലയുടെ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐജിസിഎസ്ഇ) നടത്തുന്ന ഗണിതശാസ്ത്ര പരീക്ഷയിൽ ഏഴാം ക്ളാസുകാരൻ ചരിത്രനേട്ടം സ്വന്തമാക്കി.
ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷണൽ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിയും മലയാളിയുമായ അലക്സ് ജോർജാണ് തന്നെക്കാൾ അഞ്ചുവയസ് പ്രായക്കൂടുതലുള്ള സഹപാഠികളോട് മൽസരിച്ച് ഐജിസിഎസ്ഇ ഗണിതശാസ്ത്ര പരീക്ഷയിൽ ഒന്നാമതെത്തിയത്. സാധാരണ 16 വയസുകാർ പങ്കെടുക്കുന്ന ഈ മൽസര പരീക്ഷയിൽ സാധ്യമായ ഏറ്റവും ഉയർന്ന ഗ്രേഡായ ഒമ്പത് പോയിന്റുകൾ നേടിയാണ് 11കാരനായ അലക്സ് ജോർജ് ചരിത്രം രേഖപ്പെടുത്തിയത്.
കൊച്ചി കിഴക്കമ്പലം സ്വദേശിയാണ് അലക്സിന്റെ അച്ഛൻ ജോർജ് ജേക്കബ്. 15 വർഷമായി അലക്സും അച്ഛനും ഉൾപ്പടെയുള്ള കുടുംബം ദുബൈ അൽ ബരാരിയിലാണ് താമസിക്കുന്നത്. ദുബൈയിൽ സംരംഭകനായ ജോർജ് ജേക്കബ് വിവാഹം കഴിച്ചിരിക്കുന്നത് തുർക്കമെനിസ്ഥാൻ സ്വദേശിനി ലാലിതാ ജോർജിനെയാണ്. ഇവരുടെ രണ്ടുമക്കളിൽ ഇളയ പുത്രനാണ് അലക്സ്. സഹോദരൻ ജേക്കബ് ജോർജ്, ദുബൈ ജുമേറിയ കോളേജ് വിദ്യാർഥിയാണ്.
തന്റെ ആദ്യത്തെ ബോർഡ് പരീക്ഷയിൽ തന്നെ സാധ്യമായ ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയതിന്റെ ആഹ്ളാദത്തിലാണ് അലക്സ് ജോർജ്. ഏഴാം ക്ളാസിലെ വിഷയങ്ങൾ അതാത് ദിവസങ്ങളിൽ കൃത്യമായി അറ്റൻഡ് ചെയ്യുന്നതിന് പുറമെയാണ് പന്ത്രണ്ടാം ക്ളാസിലെ ഗണിതശാസ്ത്ര ക്ളാസുകൾ അലക്സ് അറ്റൻഡ് ചെയ്തിരുന്നത്.
മൂന്ന് വർഷം മുമ്പ് ദുബായിലെ റെപ്റ്റൺ സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുമ്പോൾ അലക്സിന്റെ അമ്മ ലാലിതയാണ് മകന്റെ സംഖ്യകളോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞത്. കണക്കിലെ ഈ അഭിരുചി പരിഗണിച്ചുകൊണ്ടാണ് ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷണൽ സ്കൂളിൽ അഞ്ചാം ക്ളാസിൽ അലക്സിന് പ്രവേശനം ലഭിച്ചതും. സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗം തലവനും അധ്യാപകനുമായ ഗാരെത് ബ്രൗൺ അലക്സിലെ സ്വാഭാവിക കഴിവുകൾ തിരിച്ചറിഞ്ഞത് ഇത്തരമൊരു മുന്നേറ്റത്തിന് കരുത്തു പകർന്നു.
അലക്സിന്റെ പ്രതിഭാശാലിത്വം കണക്കിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മുൻ യുഎഇ നാഷണൽ സ്കൂൾ ചെസ് ചാമ്പ്യനായ അലക്സ് തന്നെയാണ് 2021 ജൂണിൽ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ യുഎഇയെ പ്രതിനിധീകരിക്കുന്നതും. 2021 ഏപ്രിലിൽ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര ഇംഗ്ളീഷ് പ്രബന്ധ മൽസരത്തിൽ പങ്കെടുക്കാനുള്ള തിരഞ്ഞെടുപ്പിലും അലക്സ് മുന്നിലെത്തിയിരുന്നു. യുഎഇയിലെ കെങ്കൻ ഇന്റർനാഷണൽ മെഡൽ ജേതാക്കളിൽ ഒരാൾ കൂടിയാണ് ഈ 11 വയസുകാരൻ. അലക്സും സഹോദരൻ ജേക്കബും മെൻസ, ജോൺ ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് എന്നിവയിലും അംഗങ്ങളാണ്.
തന്നേക്കാൾ മുതിർന്നവർക്കൊപ്പം മൽസരിച്ച് മികച്ച വിജയം കൈവരിക്കുന്നത് അലക്സിന് ഇതാദ്യത്തെ അനുഭവമല്ല. 2017ൽ തന്റെ എട്ടാമത്തെ വയസിലാണ് അലക്സ് യുഎഇ സ്കൂൾ ചെസ് ചാമ്പ്യനായത്. തുടർന്ന് 2019 വരെ തന്റെ പ്രായക്കാരുടെ വിഭാഗത്തിൽ വിജയം തുടർന്നു. 2016ൽ നടന്ന ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും അലക്സ് പങ്കെടുത്തിരുന്നു. കോഡിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും തൽപരനായ അലക്സിന് ഭാവിയിൽ ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് ആഗ്രഹം.
Most Read: ആർട്ടിസ്റ്റ്സ് ഫ്രെട്ടേർണിറ്റി ‘ഓൺലൈൻ ഫെസ്റ്റ്’ ആരംഭിച്ചു; ലക്ഷ്യം കലാകാരൻമാരെ സഹായിക്കൽ