പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി

By Desk Reporter, Malabar News
ASWATHY P_ Malabar News
അശ്വതി
Ajwa Travels

മഞ്ചേരി: ഹൈക്കോടതിയുടെ അനുകൂല വിധിയുമായി അശ്വതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സെറിബ്രൽ പാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് അശ്വതി നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയിരുന്നത്. പ്രത്യേക പരിഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അശ്വതി നീറ്റിൽ റാങ്ക് നേടിയതും ഇപ്പോൾ ഡോക്‌ടറാകാൻ തയ്യാറെടുക്കുന്നതും.

അശ്വതിയുടെ അഡ്‌മിഷൻ മെഡിക്കൽ ബോർഡ് അംഗീകരിച്ചിരുന്നില്ല. 63.3% വൈകല്യം ഉള്ളതിനാൽ പ്രവേശനാനുമതി നിഷേധിച്ചു കൊണ്ടായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്. അശ്വതിക്ക് മെഡിക്കൽ പഠനത്തിലെ പല കാര്യങ്ങളും അസാധ്യമാകുമെന്നും അത് പഠനത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ മെഡിക്കൽ ബോർഡ് റിപ്പോർട്ട് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ശരിവെക്കുകയും ചെയ്‌തു.

എന്നാൽ കരുവാരകുണ്ട് കാക്കര സ്വദേശിയായ പി അശ്വതിയും കുടുംബാംഗങ്ങളും മെഡിക്കൽ റിപ്പോർട്ടിനെ തള്ളുകയും, ഈ അനീതിക്ക് മുന്നിൽ കീഴടങ്ങില്ല എന്ന് തീരുമാനിക്കുകയും ചെയ്‌തു. തുടർന്ന് നിരവധിപേരുടെ പിന്തുണയോടെ അശ്വതി അഡ്വ. കാളീശ്വരം രാജ് വഴി ഹൈക്കോടതിയിലേക്ക് പോകുകയും നിയമയുദ്ധത്തിന് ശേഷം അനുകൂലവിധി നേടുകയുമായിരുന്നു.

എനിക്ക് അഡ്‌മിഷൻ കിട്ടിയതിലും കൂടുതൽ സന്തോഷം വിപ്ളവകരമായ ഒരു വിധി നേടാൻ കഴിഞ്ഞു എന്നതിലാണ്. ഇനി കടന്നു വരുന്ന എന്നെപ്പോലുള്ള ഭിന്നശേഷി കുട്ടികൾക്ക് ഈ വിധി ഒരു അനുഗ്രഹവും വഴിവിളക്കുമാകും. അതാണ് ഏറ്റവും കൂടുതൽ അഭിമാനം നൽകുന്നത്.

എനിക്ക് എംബിബിഎസ് ചെയ്യാൻ സാധിക്കും എന്നത് എനിക്കറിയാം. അത് പക്ഷെ, മനസിലാക്കാൻ മെഡിക്കൽ ബോർഡിന് സാധിച്ചില്ല. ബഹുമാനപ്പെട്ട കോടതിക്ക് അത് സാധിച്ചു. അതിലെനിക്ക് കോടതിയോടും എനിക്ക് വേണ്ടി ഹാജരായ വക്കീലിനോടും നന്ദിയുണ്ട്.

ഈ നിമിഷം വരെ എനിക്കൊപ്പം നിന്ന എന്റെ കുടുംബാംഗങ്ങൾ, എനിക്ക് ധൈര്യം തന്ന അധ്യാപകർ, ഞങ്ങളുടെ നാട്ടിലെ എംഎൽഎ അഡ്വ. എം ഉമർ, കേസ് ഏറ്റെടുത്ത് ഞങ്ങൾക്ക് വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ്, ഇദ്ദേഹത്തിന്റെ അസോസിയേറ്റ് അഡ്വ. അരുണ, അതുപോലെ എനിക്ക് വലിയ ഊർജം തരുന്ന ഡോ.സമദ്, ഷൈജു ചേട്ടൻ, നാട്ടുകാർ, സുഹൃത്തുക്കൾ എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. ഇനി എംബിബിഎസ് പൂർത്തീകരിക്കണം; അശ്വതി മലബാർ ന്യൂസിനോട് പറഞ്ഞു.

മ‍ഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സിറിയക് ജോബ് ഹൈക്കോടതി നിർദേശമനുസരിച്ച് അശ്വതിയുടെ ഫീസ് സ്വീകരിക്കുകയും അനുബന്ധ പ്രവേശന നടപടികൾ പൂർത്തിയാക്കി നൽകുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. പ്രൊവിഷണൽ അഡ്‌മിഷനാണ് ഇപ്പോൾ നൽകിയതെന്നും മെഡിക്കൽ കോളേജ് അധികൃതർ കൂട്ടിച്ചേർത്തു.

എംബിബിഎസ് പ്രവേശന സമയപരിധി ഇന്നലെ അവസാനിക്കുന്നതു കൊണ്ടും അടുത്ത മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാകാനുള്ള സമയം ഇല്ലാത്തതിനാലും മഞ്ചേരിയിൽ പ്രവേശനം നൽകാൻ ഹൈക്കോടതി പ്രിൻസിപ്പലിന് നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്നലെ അശ്വതി പിതൃസഹോദരൻ സുരേഷിനൊപ്പം കോളേജിലെത്തി പ്രവേശനം ഉറപ്പിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചത്.

പൊതുബോധ വൈകല്യങ്ങളെ വെല്ലുവിളിച്ച് നീതിപീഠം വഴി തന്റെ അവകാശം നേടിയ അശ്വതി ഇനി കോവിഡ് പ്രോട്ടോകോളിന്‌ ശേഷം സ്‌റ്റെതസ്‌കോപ്പും ഏപ്രണും ധരിച്ച് ക്ളാസിലിരുന്നു പഠിക്കുന്ന നാളിനായുള്ള കാത്തിരിപ്പിലാണ്.

Most Read: കൺകണ്ട ദൈവത്തിന്റെ കരുത്തിൽ ‘ശ്രീരാജ്’ അന്ധതയെ തോൽപിച്ച് ജെആർഎഫ് കരസ്‌ഥമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE