കൺകണ്ട ദൈവത്തിന്റെ കരുത്തിൽ ‘ശ്രീരാജ്’ അന്ധതയെ തോൽപിച്ച് ജെആർഎഫ് കരസ്‌ഥമാക്കി

By Desk Reporter, Malabar News
SREERAJ with Amma (Pathmini) _ Malabar News
ശ്രീരാജും അമ്മ പത്‌മിനിയും
Ajwa Travels

മലപ്പുറം: യുജിസിയുടെ ഈ വർഷത്തെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്‌) സ്വന്തമാക്കിയവരുടെ കൂട്ടത്തിൽ പൊന്നാനി നഗരസഭയിലെ നൈതല്ലൂര്‍ മാടക്കര സ്വദേശി ശ്രീരാജുമുണ്ട്. ഭൂമിയിലെ കൺകണ്ട ദൈവം അമ്മയുടെ നിരന്തര പിന്തുണയും ഒപ്പം കുറച്ചു സുഹൃത്തുക്കളുടെ സഹായവും കൂടിയായപ്പോഴാണ് താനീ നേട്ടം സ്വന്തമാക്കിയെതെന്ന് ശ്രീരാജ് പറയുമ്പോഴും ആത്‌മ സമർപ്പണത്തിന്റെ വലിയ മാതൃകകളുണ്ട് ശ്രീരാജിലും അമ്മ പത്‌മിനിയിലും.

“95 ശതമാനം കാഴ്‌ച ഇല്ലാതെയായിരുന്നു ശ്രീരാജിന്റെ ജനനം. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്‌ഥ. പക്ഷെ, എനിക്ക് ദൈവം തന്ന മോനല്ലേ. തോൽക്കാൻ പറ്റില്ലല്ലോ.. രാവിലെ സ്‌കൂളിൽ കൊണ്ടു വിടുന്നതും വൈകിട്ട് കൂട്ടിക്കൊണ്ടുവരുന്നതും സ്‌ഥിരമാക്കി. എത്രയോ വേദനിക്കുന്ന അനുഭവങ്ങൾ ഉണ്ടായി..ഒരുപാട് പേർ അവഹേളിച്ചിട്ടുണ്ട്. പലപ്പോഴും ഒറ്റയ്‌ക്കിരുന്ന് കരഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും ഞാൻ തളർന്നില്ല. മോൻ പഠിച്ചു വിജയിക്കും. എനിക്ക് ആ ഉറപ്പുണ്ടായിരുന്നു; ഇപ്പോൾ എൽഐസി ഏജൻസിയെടുത്ത് സ്വയംതൊഴിൽ ചെയ്യുന്ന അമ്മ പത്‌മിനി പറയുന്നു.

അവൻ ചെയ്യാൻ ആഗ്രഹിക്കുന്ന എന്ത് കാര്യത്തിനും അവനൊപ്പം ഞാൻ പോകും. കുതിരയെ ഓടിക്കാൻ പറ്റുമോന്ന് ഒരിക്കലവൻ ചോദിച്ചു. ഞാൻ പറഞ്ഞു; മോനാഗ്രഹം ഉണ്ടങ്കിലത്‌ നടക്കും. അറിഞ്ഞവരൊക്കെ എന്നെയും മോനെയും ഉപദേശിച്ചു. ചിലർ കളിയാക്കി. ചിലർ നിരുൽസാഹപ്പെടുത്തി. പക്ഷെ ഞാനവനെ പ്രോൽസാഹിപ്പിച്ചു.

പിന്നെ അവന്റെ പ്രിയപ്പെട്ട കൂട്ടുകാരായ മുഹമ്മദ് ഷഫാഫ്, ബിൻഷാദ്, ഷിബിലി, ആഷിഖ് എന്നീ സുഹൃത്തുക്കളും പ്രോൽസാഹിപ്പിച്ചു; അമ്മ തുടർന്നു. അങ്ങനെയാണ് പാലക്കാട് ജില്ലയിലെ തത്തമംഗലം എന്ന സ്‌ഥലത്ത്‌ കുതിര സവാരി പഠിപ്പിക്കുന്ന ഗൗതം കാർത്തികിന് അടുത്ത് എത്തിയത്. ഗൗതം ഇരുകയ്യും നീട്ടി ശ്രീരാജിനെ സ്വീകരിക്കുകയും ശ്രീരാജിന്റെ ആഗ്രഹം സഫലീകരിക്കുകയും ചെയ്‌തു.

എല്ലാം എല്ലാവർക്കും നൽകില്ലല്ലോ.. എന്റെ ജീവിതത്തിലും മറ്റെല്ലാവർക്കും ഉള്ളത് പോലെ കുറവുകൾ ഉണ്ട്. പക്ഷെ എനിക്ക് ഭൂമിയിലെ ദൈവമായി അമ്മയും നല്ല കുറച്ചു കൂട്ടുകാരുമുണ്ട്. അവരുണ്ടങ്കിൽ ഞാൻ ആഗ്രഹിക്കുന്ന എന്തും എനിക്ക് നേടാൻ കഴിയും. കാഴ്‌ചയില്ലാത്ത ഒരാൾക്ക് അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാനാണ്‌ എനിക്കിഷ്‌ടം; ശ്രീരാജ് പറഞ്ഞു തുടങ്ങി. ഇനി നീന്തൽ പഠിക്കണമെന്നുണ്ട്. അതിന് കൂട്ടുകാർ തിരൂരിൽ ഒരു സ്‌ഥലത്ത് കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്.

പഠിക്കാനും യാത്രചെയ്യാനും വാഹനവുമായി വന്നു സഹായിക്കാനും ആത്‌മ വിശ്വാസം നൽകി കൂടെ നടക്കാനും അമ്മയെപ്പോലെ തന്നെ എനിക്ക് സഹായമാകുന്ന എന്റെ കൂട്ടുകാരാണ് മുഹമ്മദ് ഷഫാഫ്, ബിൻഷാദ്, ഷിബിലി റഹ്‌മാൻ, ആഷിഖ്. പിന്നെയും കൂട്ടുകാരുണ്ട്. എങ്കിലും ഇവരാണ് പ്രധാനികൾ. അമ്മക്ക് പകരമാകാൻ ആർക്കും കഴിയില്ലെങ്കിലും എന്നെപ്പോലെ ഒരാൾക്ക് കൂട്ടുകാരും വലിയ തണലാണല്ലോ; ശ്രീരാജ് പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയുടെ വിദൂരപഠന വിഭാഗത്തിൽ എംഎ മലയാളം വിദ്യാർഥിയായ ശ്രീരാജ് മൂന്നാമത്തെ പരിശ്രമത്തിലാണ് ജെആർഎഫ് നേടുന്നത്. വിജയിക്കുംവരെ പരിശ്രമിക്കുക എന്നത് ശ്രീരാജിന്റെ മുഖമുദ്രയാണ്. അതുകൊണ്ട് തന്നെ സിവിൽ സർവീസ് എന്ന തന്റെ ലക്‌ഷ്യവും ഈ ചെറുപ്പക്കാരൻ കീഴടക്കും. ‘ജെആർഎഫ് എന്താണ് എന്നോ അതിന്റെ വലുപ്പമോ അമ്മയ്‌ക്കറിയില്ല. പഠനം പൂർത്തിയായാൽ പേരിനൊപ്പംഡോക്‌ടർ എന്നു ചേർക്കാൻ സാധിക്കുമെന്നു പറഞ്ഞപ്പോൾ എന്നെ മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു’– ശ്രീരാജ് പറഞ്ഞു.

ഡോക്‌ടറേറ്റ്‌ ചെയ്യാൻ വിഷയം ഏതാണ് തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ റിസ്‌കുള്ള കാര്യങ്ങൾ ഏറ്റെടുക്കാനും ചെയ്യാനും ആഗ്രഹിക്കുന്ന ശ്രീരാജ് പറഞ്ഞ മറുപടിയാണ് ഞെട്ടിക്കുന്ന ചലഞ്ചിംഗ് എന്റെ ആഗ്രഹം, ഗജലക്ഷണ ശാസ്‌ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്‌ഥാനമാക്കി എഴുതിയിട്ടുള്ള. ആനയുടെ ഉൽപത്തി വിവരങ്ങളും ഗജചികിൽസാ ക്രമങ്ങളും മറ്റും അടങ്ങിയ ‘മാതംഗലീല’ യിൽ ഗവേഷണം നടത്തുക എന്നതാണ്. അത് എത്രത്തോളം നടക്കുമെന്ന് അറിയില്ല.

ശ്രീരാജ് തുടർന്നു; അത് സാധിക്കണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം, കുഞ്ഞുനാൾ മുതൽ കേൾക്കുന്ന ഒരു അവഹേളന പഴഞ്ചൊല്ലാണ് കുരുടൻ ആനയെ കണ്ടത് പോലെ എന്നത്. അത് പൊളിച്ചെഴുതണം. ടിവിയിലൊക്കെ മിക്കപ്പോഴും രാഷ്‌ട്രീയക്കാരും മറ്റും ചർച്ച നടത്തുമ്പോൾ പറയുന്നത് കേൾക്കാം ‘അന്ധൻ ആനയെ കണ്ടത് പോലെയാണ് നിങ്ങളുടെ അഭിപ്രായം’ എന്നൊക്കെ. ഈ പഴഞ്ചൊല്ല് ഒന്ന് പുതുക്കി പണിയണം എന്നാഗ്രഹമുണ്ട്. നോക്കട്ടെ. ശ്രീരാജ് പറഞ്ഞു നിറുത്തി.

അമ്മയുടെ കരുത്തിൽ നടന്ന ശ്രീരാജ് ഇത് വരെ ബ്രെയിൽ ലിപിയുടെ സഹായമില്ലാതെയാണ് പഠിച്ചത്. കൂട്ടുകാരും അമ്മയും അധ്യാപകരും സാങ്കേതിക വിദ്യയും സഹായത്തിനുണ്ടായത് കൊണ്ട് ബ്രെയിൽ ലിപി ആവശ്യം വന്നില്ല എന്നാണ് ശ്രീരാജ് പറഞ്ഞത്. ഒരു ദശാബ്‌ദക്കാലമായി ശ്വാസകോശ രോഗ ബാധയോട് പൊരുതി ജീവിക്കുന്ന അച്ഛനും ഒരു പ്രൈവറ്റ് സ്‌ഥാപനത്തിൽ ജോലിനോക്കുന്ന ഏട്ടനും അമ്മ പത്‌മിനിയും അടങ്ങുന്നതാണ് ശ്രീരാജിന്റെ കുടുംബം.

ദുരിതങ്ങളുടെയും കഴിവുകേടുകളുടെയും പട്ടിക നിരത്തി ജീവിത വഴിയിലെ ചെറിയ പരീക്ഷണങ്ങളെ പോലും അതിജീവിക്കാൻ കഴിയാതെ തോറ്റു പിൻമാറുന്നവർക്കും സകല സൗകര്യങ്ങളും ഉണ്ടായിട്ടും നിസാരമായ കാരണങ്ങൾ പറഞ്ഞു തോറ്റുകളയുന്ന ജീവിതങ്ങൾക്കും കണ്ടുപഠിക്കാൻ പ്രകൃതിയൊരുക്കുന്ന അനേകം ഉദാഹരണങ്ങളിൽ മറ്റൊന്നായി ശ്രീരാജ് മാറുമ്പോൾ അതിൽ നിന്ന് ഏറെയുണ്ട് നമുക്ക് പഠിക്കാൻ.

നിരവധി മുൻവിധികളെ കീഴടക്കി, പരിമിത ചിന്തകൾകൊണ്ട് വരച്ചു ചേർത്ത അതിരുകളെ ലംഘിച്ചുകൊണ്ട്, തന്റെ ലക്ഷ്യങ്ങളെ കീഴടക്കാൻ പ്രിയരുടെ കൈപിടിച്ചു മുന്നേറുന്ന ശ്രീരാജിന് ഇനിയുമേറെ കീഴടക്കാനുണ്ട്. അതിന് സാധിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE