വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഗൾഫ് രാഷ്ട്രത്തലവൻമാരുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇന്ന് ഇറാനെ ആക്രമിക്കുന്നത് പുനരാരംഭിക്കാനായിരുന്നു ട്രംപിന്റെ നീക്കം. ഇറാനെ ആക്രമിക്കരുതെന്ന് ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടെന്നും ഇതേത്തുടർന്ന് ആക്രമണം പുനരാരംഭിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം കാത്തിരിക്കാൻ താൻ സമ്മതിച്ചതായും ട്രംപ് കുറിച്ചു.
യുഎസിന് സ്വീകാര്യമായ ഒരു കരാർ ഉണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, പ്രഖ്യാപിത നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്ത് അമേരിക്കക്ക് കീഴടങ്ങമെന്ന് കരുതേണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളും സന്നദ്ധരാണ്. എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി കഴിഞ്ഞ മൂന്ന് ദിവസമായി ടെഹ്റാനിൽ തുടരുകയാണ്.
ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്. പാക്കിസ്ഥാൻ മുഖേന ഇറാൻ സമർപ്പിച്ച 14 നിർദ്ദേശങ്ങൾ നേരത്തെ ട്രംപ് തള്ളുകയായിരുന്നു. എന്നാൽ, പല കാര്യങ്ങളിലും ഇളവ് പോലും നൽകാത്ത യുഎസ് നിലപാട് അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































