വാഷിങ്ടൻ: ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചർച്ച നിശ്ചയിച്ചിട്ടില്ല. നാവിക ഉപരോധം പൂർണമായ തോതിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്. കടലിൽ സ്ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ നേരത്തെ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യുഎസ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും കുഷ്നർ പറഞ്ഞിരുന്നു.
നേരത്തെ, ഹോർമുസ് കടലിടുകിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രൂത്ത് സോഷ്യലിൽ ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തന്ത്രപ്രധാനമായ പാതയ്ക്കുമേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ, ജൂൺ മാസത്തിൽ ഒപ്പുവെച്ച ഇടക്കാല കരാറിലെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുംവരെ ഹോർമുസ് അടഞ്ഞുകിടക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ തുറമുഖങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കണം, മേഖലയിലെ സൈനിക സാന്നിധ്യം പിൻവലിക്കണം, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണ നഷ്ടപരിഹാരം നൽകണം, വിദേശരാജ്യങ്ങളിലെ മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകണം എന്നീ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































