പത്‌മശ്രീക്ക് അർഹനായ മണിക്‌ഫാൻ; അനുഭവമെന്ന വിദ്യാഭ്യാസം കൊണ്ട് ലോകത്തെ ഞെട്ടിച്ച പ്രതിഭ

By Desk Reporter, Malabar News
Ali Manikfan_Padma Shri Winner
അലി മണിക്‌ഫാൻ

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഏറ്റവും ഉയർന്ന പുരസ്‌കാരങ്ങളിൽ ഒന്നായ പത്‌മശ്രീക്ക് അർഹത നേടിയ അ​ലി മ​ണി​ക്​​ഫാ​ൻ സ്‌കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടില്ല! പക്ഷെ, വിസ്‌മയങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഇംഗ്ളീഷും ഫ്രഞ്ചും മലയാളവും ദിവേഹിയും ഉൾപ്പടെ 15 ഭാഷകള്‍ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യും!

അതെ, ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് സ്വദേശിയായ, ഇപ്പോൾ കോഴിക്കോട് താമസിക്കുന്ന 82 വയസുള്ള ഈ മഹാ മനുഷ്യൻ അനുഭവമെന്ന വിദ്യാഭ്യാസം കൊണ്ട് ലോകത്തെ ഞെട്ടിക്കുകയാണ്. അ​ലി മണിക്‌ഫാൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ അതിലേറെ കൗതുകം സൃഷ്‌ടിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന് പത്‌മശ്രീ ലഭിക്കാൻ കാരണമായത് അ​ടി​സ്​​ഥാ​ന മേഖലയിലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാനിച്ചാണ്.

പക്ഷെ, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ പോലും നേടാത്ത ഇദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ കഴിയാത്ത സമുദ്ര ശാസ്‌ത്രവും ഭൂമിശാസ്‌ത്രവും ജ്യോതിശാസ്‌ത്രവും, പരിസ്‌ഥിതി ശാസ്‌ത്രവും അന്തരീക്ഷ ശാസ്‌ത്രവും കപ്പൽ നിർമാണവും ഉൾപ്പടെ വ്യത്യസ്‌തവും സങ്കീര്‍ണവുമായ 14 വിഷയങ്ങളാണ്. ഒപ്പം ഖുര്‍ആനിലും ഇസ്‌ലാമിക വിഷയങ്ങളിലും അഗാധ പാണ്ഡിത്യവും നേടിയിട്ടുണ്ട് ഇദ്ദേഹം!

അടിസ്‌ഥാന വിദ്യാഭ്യാസം നേടിയില്ലെങ്കിലും 1956ൽ സ്‌കൂൾ അധ്യാപകനായും തുടർന്ന് ഇന്ത്യ ഗവൺമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്‌തു. എന്നാൽ സമുദ്ര ഗവേഷണത്തോടുള്ള താൽപര്യം പരിഗണിച്ച് 1960ൽ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ജോലിക്കെടുത്തു. തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു നിയമനം. ഇദ്ദേഹത്തിന്റെ അറിവുകളെ രാജ്യനൻമക്ക് ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ലക്‌ഷ്യം. അത് പിഴച്ചില്ല.

Ali Manikfan Three Wheeler
അലി മണിക്‌ഫാൻ സ്വയം നിർമിച്ച മുച്ചക്ര വാഹനത്തിൽ

1960 മുതൽ കടലിന്റെ ആഴവും അതിലെ സാധ്യതകളും തിരയുന്നതിൽ വ്യാപൃതനായ ഇദ്ദേഹം ഒട്ടനവധി അറിവുകൾ രാജ്യത്തിന് സമ്മാനിച്ചു. ഇദ്ദേഹം കണ്ടെത്തിയ അപൂർവയിനം മൽസ്യ വർഗത്തിന് ‘അബുദെഫ്‌ദഫ്‌ മണിക്ക്ഫാനി-Abudefduf Manikfani എന്ന പേര് നല്‍കി സമുദ്രലോകം ഇദ്ദേഹത്തിന്റെ നിരീക്ഷണ പാടവത്തിന് ബഹുമതി നൽകി.

പരീക്ഷണങ്ങള്‍ നടത്താനായി തിരഞ്ഞെടുത്ത സ്‌ഥലത്ത് വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു ഈ മനുഷ്യൻ. തീരുന്നില്ല ഈ പോരാളിയുടെ നിശബ്‌ദ വിപ്ളവം. സ്വയം നിർമിച്ച റഫ്രിജേറ്ററും തന്റെ പേരിൽ പേറ്റന്റുള്ള മുച്ചക്ര വാഹനവും ഉൾപ്പടെ പലതും നമുക്ക് അൽഭുതമാണ്. മണിക്കൂറില്‍ 25 കിമീ വേഗതയിലോടുന്ന സ്വയം നിർമിച്ച ഈ മുച്ചക്ര വാഹനത്തിൽ ഇദ്ദേഹം മകന്റെ കൂടെ ഡെല്‍ഹി വരെ പോയ് വന്നു!

ബ്രിട്ടീഷ് ചരിത്രകാരനും എഴുത്തുകാരനും ലോകപ്രശസ്‌ത ആധുനിക കടൽ സഞ്ചാരിയുമായ ടിം സെവെറിന് വേണ്ടി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു കപ്പൽ നിർമിച്ചു നൽകി! ഈ കപ്പൽ 22 പേരുമായി ഒമാനില്‍ നിന്ന് ചൈന വരെ യാത്ര നടത്തി! മണിക് ഫാനോടുള്ള ആദരസൂചകമായി മസ്‌കറ്റിൽ സ്‌മാരകമായി സൂക്ഷിച്ചിരിക്കുകയാണ് ഈ കപ്പലിപ്പോള്‍. മക്കളെയാരെയും നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്‍ന്ന് പഠിപ്പിച്ചില്ല. എന്നിട്ടും മകന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു! പെൺമക്കൾ മൂന്നു പേരും അധ്യാപികമാര്‍!

Ali Manikfan
അലി മണിക്‌ഫാൻ (Photo Credit: Akhil Komachi)

യാഥാസ്‌ഥിതിക മുസ്‌ലിം സമൂഹത്തിൽ നിന്ന് ഇദ്ദേഹം ഒരുകാലത്ത് ഭീഷണി നേരിട്ടിട്ടുണ്ട്. അതിന് കാരണമായത് ഇദ്ദേഹം കണ്ടെത്തിയ ഒരു കലണ്ടർ ആയിരുന്നു. ലോകം മുഴുവൻ ഏകീകരിച്ച ഒരു ഹിജ്‌റ കലണ്ടർ ഏറെ പഠനത്തിന് ശേഷം ഇദ്ദേഹം ഉണ്ടാക്കിയിരുന്നു. ഒമാനിൽ ഒരു ദിവസം മുസ്‌ലിം സമൂഹത്തിന് പെരുന്നാളാണെങ്കിൽ മറ്റൊരു ദിവസം സൗദി അറേബ്യയിലും രണ്ടുമല്ലാത്ത ഒരു ദിവസം ഇന്ത്യയിലും ഈ തീയതികളല്ലാത്ത ഒരു നാൾ ലക്ഷദ്വീപിലും പെരുന്നാൾ ആഘോഷിക്കുന്നത് ഒഴിവാക്കാനാണ് ഇദ്ദേഹം ഇത് കണ്ടെത്തിയത്. എന്നാൽ, ഇതംഗീകരിക്കാൻ പലരും തയ്യാറായിട്ടില്ല ഇപ്പോഴും.

സർക്കാരിന്റെയും സർക്കാർ ഇതര ഗവേഷണ സ്‌ഥാപനങ്ങളിലുമായി ഈ 82ആം വയസിലും നിരവധി ചുമതലകൾ ഇദ്ദേഹം വഹിക്കുന്നു. ലോകമെങ്ങുമുള്ള അനേകം രാഷ്‌ട്ര നേതാക്കളുടെ ആഥിത്യം സ്വീകരിച്ചിട്ടുണ്ട് ഈ മനുഷ്യൻ. 50ലധികം രാജ്യങ്ങളിൽ ഈ മനുഷ്യൻ സഞ്ചരിച്ചിട്ടുണ്ട്. ജെഎന്‍യു ഉൾപ്പടെ ഒട്ടനവധി ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ക്ളാസുകൾക്ക് ഇദ്ദേഹം ഇപ്പോഴും ക്ഷണിക്കപ്പെടുന്നു!

അപൂർവങ്ങളിൽ അപൂർവമായ ഗവേഷണത്വര കൊണ്ട് ‘മുറാദ് ഗണ്ടവറു അലി മണിക്‌ഫാൻ’ എന്ന മണിക്‌ഫാൻ പത്‌മശ്രീ നേട്ടത്തോടെ ഇന്ത്യയുടെ ചരിത്രമാവുകയാണ്. 75 കൊല്ലങ്ങൾക്ക് മുൻപുള്ള മൂന്നാം ക്ളാസ് പഠനമല്ലാതെ മറ്റൊരു ഔപചാരിക വിദ്യാഭ്യാസത്തിന്റെയും പിൻബലമില്ലാതെ ചുറ്റുവട്ടനിരീക്ഷണവും പ്രകൃതിയെന്ന സർവ വിജ്‌ഞാനകോശത്തെ അടുത്തറിയാൻ ശ്രമിക്കുകയും ചെയ്‌തതിലൂടെ ശാസ്‌ത്രപ്രതിഭയായ ഈ മനുഷ്യൻ തന്റെ പഠനഗവേഷണങ്ങളെ ചരിത്രത്തിൽ അടയാളപ്പെടുത്തി യാത്രതുടരുകയാണ്.

2012ൽ ഇദ്ദേഹത്തിന്റെ ജീവിതം ആസ്‌പദമാക്കി മാജിദ് അഴീക്കോട് സംവിധാനം നിർവഹിച്ച “കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍ അലി മണിക്‌ഫാ​ന്റെ ജീവിതത്തിലൂടെ ഒരു അന്വേഷണയാത്ര” എന്നൊരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ഇതിലെ കുറച്ചു ഭാഗങ്ങൾ ഈ വീഡിയോയിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE