ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി ‘ഓൺലൈൻ ഫെസ്‌റ്റ്’ ആരംഭിച്ചു; ലക്ഷ്യം കലാകാരൻമാരെ സഹായിക്കൽ

By Desk Reporter, Malabar News
Rajesh Cherthala_ Kerala Artists' Fraternity
രാജേഷ് ചേർത്തല കാഫിന്റെ 'ഓൺലൈൻ ഫെസ്‌റ്റിന്' തുടക്കം കുറിക്കുന്നു

കൊച്ചി: കലാലോകത്തിന്റെ സംഘടനയായ കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈൻ ഫെസ്‌റ്റിന്‌ ജൂൺ ഒന്ന് മുതൽ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്‌റ്റ് നടത്തുന്നത്.

ഓഗസ്‌റ്റ് 2019ലെ വെള്ളപ്പൊക്ക ദുരന്തം മുതൽ ആരംഭിച്ച കലാകാരൻമാരുടെ പ്രതിസന്ധി കോവിഡ് മഹാമാരികൂടി വരിഞ്ഞു മുറുക്കിയതോടെ തീരാദുരിതത്തിൽ എത്തിയിരിക്കുകയാണ്. അതാത് ദിവസത്തെ ജീവിതത്തിന് പോലും വകയില്ലാത്ത ദരിദ്രജനതയാണ് കലാലോകത്തുള്ള 95% ആളുകളും എന്നതാണ് യാഥാർഥ്യം. ഇത് പക്ഷെ നാം ഓർക്കാറില്ല, അറിയാറില്ല. ഈ ഓഗസ്‌റ്റ് മാസം വരുന്നതോടെ രണ്ടുകൊല്ലമായി ഈ കലാകാരൻമാർക്ക് എന്തെങ്കിലും വരുമാനം ഉണ്ടായിട്ടെന്നത് ഗൗരവത്തോടെ ആലോചിക്കുമ്പോൾ മാത്രമാണ് ഇവരുടെ ദയനീയത നമ്മെ അലട്ടുക‘-കാഫ് സംസ്‌ഥാന പ്രസിഡണ്ട് സ്‌റ്റീഫൻ ദേവസി പറഞ്ഞു.

കലാലോകം എന്നുപറയുമ്പോൾ പെട്ടെന്ന് നമ്മുടെ മനസിലേക്ക് എത്തുക 5% താഴെയുള്ള പ്രമുഖരുടെ മുഖങ്ങൾ മാത്രമാണ്. ഓടക്കുഴൽ വായിക്കുന്നവർ മുതൽ സ്‌റ്റേജ് മിമിക്രി ചെയ്‌തും ആർട്ടിസ്‌റ്റുകളുടെ മേക്കപ്പ് നിർവഹിച്ചും ജീവിക്കുന്ന 95 ശതമാനം കലാകാരൻമാരെയും കലാ ലോകവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും നാം ഓർക്കാറില്ല എന്നതാണ് സത്യം. യഥാർഥത്തിൽ ഈ മെജോറിറ്റിയാണ് കലയുടെ പ്രകാശവും സൗന്ദര്യവും വേഗവും. പക്ഷെ, ഇവരിൽ പലരുടെയും ജീവിതം ബുദ്ധിമുട്ടേറിയതാണ്. നമ്മെ ചിരിപ്പിക്കുന്ന പലരുടെയും യഥാർഥ ജീവിതം വേദനിപ്പിക്കുന്നതാണ്. പ്രളയവും തുടർന്നുള്ള കോവിഡ് മഹാമാരിയും ഇത് കൂടുതൽ വഷളാക്കി. ഇവരെ സഹായിക്കാനാണ് കാഫ് ഈ ഓൺലൈൻ ഫെസ്‌റ്റ് നടത്തുന്നത്’ -സംഘടനയുടെ സഹ സ്‌ഥാപക അംഗങ്ങളായ പോൾ എംഡി, സിനോയ് ജോൺ എന്നിവർ പറഞ്ഞു.

Kerala Artist Fraternity _ Namboothiri
കാഫിന് വേണ്ടി പ്രശസ്‌ത ആർട്ടിസ്‌റ്റ് നമ്പൂതിരി വരച്ചത്

പല കലാകാരൻമാരുടെയും വേദനകൾ അടുത്തറിഞ്ഞപ്പോഴാണ് കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി എന്ന സംഘടനക്ക് 2020ൽ രുപം നൽകുന്നത്. പ്രതിസന്ധി കാലത്ത് രൂപം കൊണ്ട പ്രസ്‌ഥാനമായത് കൊണ്ട് സംഘടനക്ക് മാത്രമായി ആരെയും സഹായിക്കാനുള്ള കരുത്തായിട്ടില്ല. അതുകൊണ്ടാണ് ഓൺലൈൻ ഫെസ്‌റ്റ് പോലുള്ള ആശയങ്ങളിലൂടെ ധനസമാഹരണത്തിന് ശ്രമിക്കുന്നത്‘ –സ്‌റ്റീഫൻ വിശദീകരിച്ചു.

Stephen Devassy _ Kerala Artists' Fraternity
സ്‌റ്റീഫൻ ദേവസി

ചുരുങ്ങിയ സമയം കൊണ്ടുമാത്രം 46 ലക്ഷത്തോളം രൂപ കലാകാരൻമാരുടെ ക്ഷേമ പ്രവർത്തനത്തിനായി കാഫ്‌ ചിലവഴിച്ചുകഴിഞ്ഞു. നിലവിൽ സംഘടനക്ക് മുന്നിൽ നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട്. ദാരിദ്ര്യം മറികടക്കാനുള്ള സഹായവും ചികിൽസാ സഹായവും പഠനസഹായവും മറ്റും ആവശ്യപ്പെട്ട് അനേകം കലാകാരൻമാരുടെ അഭ്യർഥനകളാണ് സംഘടനക്ക് മുന്നിൽ ഉള്ളത്. ഇവയിൽ പലതും വേഗത്തിൽ പരിഹരിക്കേണ്ടതുമാണ്.

രൂക്ഷമായ കോവിഡ് പ്രതിസന്ധി എന്നത്തേക്ക് അവസാനിക്കുമെന്ന് കൃത്യമായി പറയാനാവില്ല. അതുകൊണ്ട് തന്നെ, കലാകാരൻമാർക്ക് ഒരു സാധരണ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നുണ്ടാകുമെന്നും പ്രവചിക്കാനാവാത്ത അവസ്‌ഥയാണ്‌. ഈ സാഹചര്യത്തിൽ കലാകാരൻമാരുടെ സംരക്ഷണത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ഈ ഓൺലൈൻ ഫെസ്‌റ്റിന് എല്ലാവരുടേയും പ്രോൽസാഹനവും സഹകരണവും ഉണ്ടാകണം‘-സ്‌റ്റീഫൻ ദേവസി അഭ്യർഥിച്ചു.

രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ പ്രോഗ്രാമോടെ കാഫിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലുമാണ് ഓൺലൈൻ ഫെസ്‌റ്റ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ പ്രശസ്‌തരും പ്രതിഭകളുമായ നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന ഈ ഷോ വേറിട്ട ഒരു ആശയംകൂടി മുന്നോട്ട് വെക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള ഏതൊരു മലയാളിക്കും അവരുടെ ജൻമദിനാഘോഷം മുതലുള്ള ഏതൊരു ചെറുതും വലുതുമായ ആഘോഷങ്ങളും കാഫിലെ കലാകാരൻമാരോടൊപ്പം പങ്കുവെക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ വിശദാംശങ്ങളറിയാൻ +91 6238 925 912, +91 9847 856 704 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം; സംഘടനാ പ്രതിനിധികളായ ജയരാജ് കട്ടപ്പന, ലിനു ലാൽ എന്നിവർ പറഞ്ഞു.ഓൺലൈൻ ഫെസ്‌റ്റ് സ്‌പോൺസർ ചെയ്‌തോ ഫെസ്‌റ്റിൽ പരസ്യം ചെയ്‌തോ സഹകരിക്കാൻ താൽപര്യം ഉള്ളവർക്കും മുകളിലുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്; ഓൺലൈൻ ഫെസ്‌റ്റ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. സംഘടനയുടെ വെബ്‌സൈറ്റ് KafIndia.org 

പൂർണ്ണ വായനയ്ക്ക്

Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

Mechart

COMMENTS

  1. സത്യം ഞാനും വായിച്ചപ്പഴാ കത്തിയത്… കലാകാരൻമാരുടെ ജീവിതം… മന്ത്രിമാരൊന്നും മിണ്ടുന്നില്ലല്ലോ…

  2. #സ്‌റ്റീഫൻ ചേട്ടാ, ഞാൻ ഷാർജയിൽ നിന്ന് ആൽബിനാണ്. സാംസ്‌കാരിക വകുപ്പിന് ഇവരെ സഹായിക്കാൻ വകുപ്പ് ഉണ്ടല്ലോ? അവർക്ക് ഈ ഏഴായിരം പേരും ഒപ്പിട്ടൊരു നിവേദനം വേഗം കൊടുക്കണം. Anyway Al the veeybezt.

    W. Love
    Albin

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE