ന്യൂഡെൽഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. ഒഡീഷ ഭക്ഷ്യ വിതരണ മന്ത്രി ആർപി സ്വെയ്ൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ തെരഞ്ഞെടുപ്പ് വിജയം നേടിയാൽ, സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ഒഡിഷയിൽ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാരായ പ്രതാപ് സാരംഗിയോടും ധർമേന്ദ്ര പ്രധാനോടും ആർപി സ്വെയ്ൻ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴും അന്തിമഘട്ടത്തിൽ എത്തിയിട്ടില്ലാത്ത കോവിഡ് വാക്സിനാണ് ബിഹാറിൽ ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. കോവിഡ് വാക്സിൻ ഉൽപാദനത്തിന് തയാറാകുന്ന മുറക്ക് ബിഹാറിൽ ഓരോരുത്തർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കും, ഇതാണ് തങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്ദാനം എന്നാണ് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്.
Also Read: ബിഹാർ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി എത്തിയിരുന്നു. ജീവൻ രക്ഷാ ഉപാധിയായ കോവിഡ് വാക്സിനെ തെരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുന്നതിനും , ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്സിൻ ലഭിക്കില്ലെന്ന നിലപാടിനും എതിരെയാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചത്. എന്നാൽ, പ്രകടന പത്രികയിലെ വാഗ്ദാനത്തെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്ത് എത്തിയിരുന്നു. അധികാരത്തിൽ എത്തിയാൽ എന്തൊക്കെ ചെയ്യുമെന്ന് ഏത് രാഷ്ട്രീയ പാർട്ടിക്കും പ്രഖ്യാപിക്കാം. അതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.







































