തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രി താത്കാലികമായി അടച്ചിടാൻ തീരുമാനമായി. ആശുപത്രി സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആശുപത്രിയിലെ ജനറൽ ഒ.പി ഉൾപ്പെടെ ഉള്ള വിഭാഗങ്ങൾ ആണ് തൽക്കാലത്തേക്ക് അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും സമ്പർക്ക രോഗവ്യാപനം രൂക്ഷമാവുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി.
ആശുപത്രിയിലെ കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏർപ്പെടുത്തുന്നതിന് അഞ്ച് ദിവസത്തെ സമയം അനുവദിക്കും. ഈ സമയത്തിനുള്ളിൽ നിശ്ചിത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ മറ്റു വിഭാഗങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ.
സമ്പർക്ക രോഗവ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതാണ് സ്ഥിതിഗതികൾ സങ്കീർണമാക്കിയെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൂടാതെ രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വിശദമായ പരിശോധന നടത്തുമെന്നും ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ഉടൻ നിർദ്ദേശം നൽകുമെന്നും ജില്ലാ കളക്‌ടർ എസ്. ഷാനവാസ് അറിയിച്ചു.