ബെംഗളൂരു: രാജ്യത്ത് ഏതൊരാളുടെ പെൺമക്കൾക്ക് നേരെ നടക്കുന്ന ആക്രമണവും നമ്മുടെ സ്വന്തം മക്കൾ ആക്രമിക്കപ്പെടുന്നതിന് തുല്യമാണെന്ന് കർണാടക ഹൈക്കോടതി. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണം വേണമെന്നും കോടതി നിർദ്ദേശിച്ചു. കൂട്ടബലാൽസംഗം കൊലപാതകത്തേക്കാൾ അപകടകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2012ൽ ബെംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻ.എൽ.എസ്.ഐ.യു) വിദ്യാർഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ ഏഴ് പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ചു കൊണ്ടായിരുന്നു കോടതിയുടെ പ്രസ്‌താവന. ജസ്‌റ്റിസുമാരായ ബി വീരപ്പ, കെ നടരാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 376 ഡിയിലെ വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാൻ സംസ്‌ഥാന-കേന്ദ്ര സർക്കാരുകളോട് കോടതി ശുപാർശ ചെയ്‌തു. കൂട്ട ബലാൽസംഗത്തിന് ജീവപര്യന്തം തടവ് ശിക്ഷക്ക് പുറമെ പ്രതികൾക്ക് വധശിക്ഷയും ഉറപ്പാക്കുന്ന വ്യവസ്‌ഥകൾ കൊണ്ടു വരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
“An attack on anybody’s daughter is an attack on our daughter”, Karnataka High Court recommends capital punishment for gang-rape @deathpen_nlud https://t.co/vv9GbCm6JS
— Bar & Bench (@barandbench) October 27, 2020
2012 ഒക്‌ടോബർ 13ന് ബെംഗളൂരു സർവകലാശാലയുടെ പ്രധാന കെട്ടിടത്തിനും എൻ.എൽ.എസ്.ഐ.യുവിനും ഇടയിലുള്ള ഒരു റോഡിന് സമീപം ഇരയായ പെൺകുട്ടിയും സുഹൃത്തും പാർക്ക് ചെയ്‌തിരുന്ന കാറിൽ ഇരുന്നു സംസാരിക്കുന്നതിന് ഇടയിൽ മാരകായുധങ്ങളുമായി ഒരു സംഘം വളയുകയായിരുന്നു. പിന്നീട് കാറിൽ നിന്ന് പെൺകുട്ടിയെ ബലമായി പിടിച്ചിറക്കി കാട്ടിൽ കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിന് ഇരയാക്കുക ആയിരുന്നു. തുടർന്ന് അറസ്‌റ്റിലായ പ്രതികൾക്ക് വിചാരണ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ പോയി. പ്രതികളുടെ ഹരജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതി സുപ്രധാന നിർദ്ദേശം നൽകിയത്.
Also Read: ഹത്രസ് കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; വിധി ഇന്ന്
കാട്ടിലെ മൃഗങ്ങളേക്കാൾ വലിയ ക്രൂരതയാണ് പ്രതികൾ ഇരയോട് കാണിച്ചതെന്നും ഇത് നീതീകരിക്കാനാകില്ലെന്നും പറഞ്ഞ കോടതി പ്രതികളുടെ ഹരജി തള്ളി. കുറ്റകൃത്യങ്ങൾക്ക് അനുയോജ്യമായ ശിക്ഷ കോടതികൾ നൽകണമെന്ന് ജസ്‌റ്റിസ് ആവശ്യപ്പെട്ടു, എങ്കിൽ മാത്രമേ കോടതികളിൽ പൊതുജനങ്ങൾക്ക് വിശ്വാസമുണ്ടാകൂ. കോടതി കുറ്റവാളിയുടെ അവകാശങ്ങൾ മാത്രമല്ല, കുറ്റകൃത്യത്തിന് ഇരയായവരുടെയും സമൂഹത്തിന്റേയും അവകാശങ്ങളും കണക്കിലെടുക്കണം. ബലാൽസംഗം ഇരയോട് മാത്രം കാണിക്കുന്ന ക്രൂരതയല്ല, സമൂഹത്തോട് മുഴുവനാണ് ഇത്തരക്കാർ കുറ്റം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.
Also Read: ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും