കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ഇതോടെ, ഇടപ്പള്ളിയിലെ ‘ഇൻക്ഫെക്‌ടഡ് ടാറ്റൂ’ സ്‌റ്റുഡിയോയിലെ ടാറ്റൂ ആർടിസ്‌റ്റ് സുജീഷിനെതിരെ ആറ് കേസുകളായി. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്‌റ്റേഷനിലുമാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന് കഴിഞ്ഞ ദിവസം ഒരു യുവതി ആരോപണം ഉന്നയിച്ചിരുന്നു. യുവതിയുടെ ആരോപണത്തിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നു.
സുജീഷിന്റെ ഉടമസ്‌ഥതയിലുള്ള ഇൻക്ഫെക്‌ടഡ് എന്ന സ്‌ഥാപനത്തിന്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ ഇന്ന് യുവതികളുടെ താമസ സ്‌ഥലത്തെത്തി പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. പ്രതിയായ ടാറ്റൂ ആർടിസ്‌റ്റ് സുജീഷ് ഒളിവിലാണ്.
Most Read: ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം