കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോട്ടബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വന്നു.
പ്രതിഷേധങ്ങൾ കടുത്തതിനിടെ രാജിവെക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മഹീന്ദ രാജപക്സെയും രംഗത്തെത്തി. കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പാർലമെന്റ് സമ്മേളനം 17 വരെ നിർത്തിവെച്ചു. വിദ്യാർഥി സംഘടനകൾ ഇന്നലെ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി വീശിയിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിട്ടുകൊണ്ടിരിക്കുന്നത്. കടം എത്ര വാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാത്ത സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പൊതുജനങ്ങൾ അടക്കം രംഗത്തുണ്ട്. ഗോ ഹോം ഗോട്ട എന്ന മുദ്രാവാക്യമാണ് ശ്രീലങ്കൻ തെരുവുകളിൽ മുഴങ്ങി കേൾക്കുന്നത്.
Most Read: തെളിവുകൾ കുരങ്ങൻ മോഷ്ടിച്ചു; വിചാരണക്കിടെ രാജസ്ഥാൻ പോലീസ്








































