കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ സജീവമായി രംഗത്തിറങ്ങുമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി. മണ്ഡലത്തില്‍ ഉടനീളം സില്‍വര്‍ലൈന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് പദ്ധതി. ശനിയാഴ്ച കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. തൃക്കാക്കരയില്‍ മൽസരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പിന്തുണ സമിതി നല്‍കില്ലെന്നാണ് പ്രഖ്യാപനം.
സില്‍വര്‍ലൈന്‍ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിയുടെ തീരുമാനവും പുറത്തെത്തുന്നത്. പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പറഞ്ഞിരുന്നു.കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും വലിച്ചിഴക്കുന്നവര്‍ക്കെതിരെ ജനം തിരിയുമെന്നും ഉമ തോമസ് പ്രതികരിച്ചിരുന്നു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നേതൃത്വം അല്പ സമയത്തിനുള്ളില്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെഎസ് അരുണ്‍ കുമാറിനായി ചുവരെഴുത്ത് തുടങ്ങിയിരുന്നു . എന്നാല്‍ സ്ഥാനാർഥിയെ തീരുമാനിച്ചില്ലെന്ന വാര്‍ത്തക്ക് പിന്നാലെ ചുവരെഴുത്ത് നിര്‍ത്തിവെച്ചു. തൃക്കാക്കരയില്‍ കെഎസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തൃക്കാക്കരയിലെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് അറിയിക്കുകയായിരുന്നു. തീരുമാനമാകുന്നതിന് മുമ്പാണ് മാദ്ധ്യമങ്ങൾ വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
Most Read: ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം