ന്യൂഡെൽഹി: മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കി അസം. ഇന്നലെ രാത്രി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
മുസ്ലിം പെൺകുട്ടികൾക്ക് 18 വയസാകുന്നതിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയിരുന്ന വ്യവസ്ഥ അടക്കമാണ് റദ്ദാക്കിയത്. മുസ്ലിം വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18ഉം 21ഉം ആകും. പുതിയ തീരുമാനത്തോടെ, അസമിൽ ഇനി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റർ ചെയ്യാനാവുക.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു. മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണർക്കും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ അസം മുസ്ലിം വിവാഹ- വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കപ്പെടും. ഇതോടെ വിവാഹവും വിവാഹ മോചനവും സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ തീരുമാനത്തിലൂടെ സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് എതിരെയുള്ള നടപടി കൂടിയാണ് ഉണ്ടാവുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡിലേക്ക് കടക്കാനുള്ള ആദ്യ ചുവടുവെപ്പാണ് അസം സർക്കാറിന്റെ പുതിയ തീരുമാനം എന്നാണ് വിലയിരുത്തൽ. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് ബിൽ പാസാക്കിയതിന് ശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലതവണ സൂചന നൽകിയിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!








































