പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് പോലീസ് സുരക്ഷ. കേസിലെ സാക്ഷികൾക്കും സുരക്ഷ നൽകും. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പോലീസിൽ പരാതി നൽകിയിരുന്നു. ഇത് പരിശോധിച്ച് ജില്ലാ ജഡ്ജി ചെയർമാനായ സമിതിയുടേതാണ് തീരുമാനം. കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.
ജില്ലാ ജഡ്ജി ബി കലാം പാഷ, പോലീസ് മേധാവി ആർ വിശ്വനാഥ്, പബ്ളിക് പ്രോസിക്യൂട്ടർ പി അനിൽ എന്നിവർ വീഡിയോ കോൺഫറൻസ് വഴി മധുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയാണ് സുരക്ഷയെ കുറിച്ച് അറിയിച്ചത്. ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു മധുവിന്റെ കുടുംബത്തിന്റെ ആക്ഷേപം.
സാക്ഷികളെ കൂറുമാറ്റാൻ നിരന്തര ശ്രമമുണ്ടായി. മധുവിന്റെ ബന്ധു ഉൾപ്പടെ പതിനൊന്നും പന്ത്രണ്ടും സാക്ഷികൾ കൂറുമാറി. ഇത് കേസിനെ സാരമായി ബാധിക്കുമെന്ന് കണ്ടാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടത്. പിന്നാലെ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. ഇനിയും സാക്ഷികൾ കൂറുമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ ജഡ്ജി ചെയർമാനായ സമിതി വിലയിരുത്തി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സാക്ഷികൾക്കും പോലീസ് സുരക്ഷ ഒരുക്കാനുള്ള നിർദ്ദേശം.
അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരിക്കും സുരക്ഷാ നടപടി. അഗളിയിൽ എത്തിയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. അതേസമയം. കേസിന്റെ വിചാരണ നാളെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയിൽ പുനരാരംഭിക്കും.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ








































