ഡെൽഹി: രാജ്യ തലസ്ഥാനത്ത് കോടികളുടെ മയക്കുമരുന്ന് വേട്ട. വളകളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നായ ഹെറോയിനാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടികൂടിയത്. ഇതിന് 7.5 കോടി വിലവരുമെന്ന് അധികൃതർ അറിയിച്ചു.
വളകളില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് അധികൃതര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 78 വളകളിലായി ഒളിപ്പിച്ച 1.2 കിലോ ഹെറോയിന്‍ കണ്ടെത്തിയത്.
ആഫ്രിക്കന്‍ രാജ്യത്തുനിന്നാണ് വളകള്‍ പാഴ്സലായി എത്തിയത്. ഗുഡ്ഗാവിലെ ഒരാളുടെ മേല്‍വിലാസമാണ് പാഴ്സലിൽ നൽകിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ കയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 3.5 കോടി രൂപയുടെ 510 ഗ്രാം ഹെറോയിനും അധികൃതർ പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു സംഭവം.
Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ



































