തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം ഈ മാസം 17ന് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ മൊഴി രേഖപ്പെടുത്തും. ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് സിബിഐ സ്റ്റീഫന് കൈമാറി. നിരീക്ഷണത്തിൽ കഴിയുക ആണെന്നും അതിനാൽ ഹാജരാവാൻ സാവകാശം നൽകണമെന്നും കഴിഞ്ഞ ആഴ്ച ഇദ്ദേഹം സിബിഐയെ അറിയിച്ചിരുന്നു. ബാലഭാസ്കറിനൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്ത വ്യക്തിയാണ് സ്റ്റീഫൻ ദേവസി.
വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലഭാസ്കറിനെ കാണാൻ സ്റ്റീഫൻ ദേവസി എത്തിയിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. രാജ്യത്തിന് അകത്തും വിദേശത്തും ഇരുവരും ചേർന്ന് നിരവധി പരിപാടികൾ അവതരിപ്പിച്ചിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് സിബിഐ സ്റ്റീഫനോട് മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഹാജരാകാൻ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടത്.
കേസിൽ നുണപരിശോധനക്ക് ഒരുങ്ങുകയാണ് സിബിഐ. ഇതിന്റെ ഭാഗമായി 4 പേരോട് ഈ മാസം 16ന് മുൻപ് സമ്മതം അറിയിക്കണമെന്ന് സിഡിഎം കോടതി ഉത്തരവിട്ടിരുന്നു.







































