കൊച്ചി: പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ( Violinist Balabhaskar Death Case) അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതുൾപ്പടെ പരിശോധിക്കാനാണ് കോടതി നിർദ്ദേശം. ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കണമെന്നും കോടതി സിബിഐക്ക് നിർദ്ദേശം നൽകി.
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും, അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹരജി പരിഗണിക്കുന്നതിനിടെ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നാണ് മുൻപ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നത്. എന്നാൽ, ഇതിനിടെയാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുടെ സാധ്യതകളുണ്ടെന്നുമാണ് പിതാവ് ഹരജിയിൽ വ്യക്‌തമാക്കിയിരുന്നത്. ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന ചില വെളിപ്പെടുത്തലുകൾ മുൻപ് പുറത്തുവന്നിരുന്നു. അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളിൽ ചിലരും ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു.
യാത്രയുടെ ആരംഭം മുതൽ ചില കാര്യങ്ങളിൽ ഉണ്ടായിരുന്ന അനിശ്‌ചിതത്വവും സംശയത്തിനിടയാക്കി. ഇത്തരം വശങ്ങളൊന്നും പരിശോധിക്കാതെ ചില നിഗമനങ്ങളുടെ അടിസ്‌ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയതെന്നാണ് പരാതി.
2018 സെപ്റ്റംബർ 25ആം തീയതിയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. തുടർന്ന് ബാലഭാസ്‌കറും മകളും മരണത്തിന് കീഴടങ്ങി. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലഭാസ്‌കറിന്റ ഭാര്യ ലക്ഷ്‌മിയെ രക്ഷിക്കാൻ സാധിച്ചു. കൂടാതെ ബാലഭാസ്‌കറിന്റെ ഡ്രൈവറായ അർജുന് അപകടത്തിൽ നിസാര പരിക്കുകൾ പറ്റിയിരുന്നു.
Most Read| എഐ ക്യാമറ; അപകട-മരണ നിരക്കുകൾ കുറഞ്ഞെന്ന് സർക്കാർ- വസ്‌തുതാ വിരുദ്ധം!