തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത് റോഡ് അപകടങ്ങളും, അപകട മരണങ്ങളും കുറഞ്ഞെന്നാണ് സർക്കാർ വാദം. (AI Camera Controversy) കണക്കുകൾ നിരത്തി സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചതുമാണ്. എന്നാൽ, സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കണക്കുകൾ തെറ്റാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പോലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടാണ് സർക്കാർ കണക്കുകളെ സംശയനിഴലിൽ നിർത്തുന്നത്. 2022 ഓഗസ്‌റ്റിൽ 3366 റോഡപകടങ്ങൾ, 307 മരണങ്ങൾ, 4040 പേർക്ക് പരിക്ക് എന്നിവയുണ്ടായി. എന്നാൽ കഴിഞ്ഞ ഓഗസ്‌റ്റിൽ (2023) അപകടങ്ങൾ 1065 ആയി കുറഞ്ഞെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതിൽ 58 മരണവും 1197 പരിക്കുമാണെന്നാണ് സർക്കാർ റിപ്പോർട്.
ക്യാമറ സ്‌ഥാപിച്ചതിനെ തുടർന്ന് റോഡപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞെന്നാണ് ഈ കണക്കുകൾ നിരത്തി സർക്കാർ കോടതിയെ ബോധിപ്പിച്ചത്. എന്നാൽ, പോലീസ് റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ചു, 2023 ഓഗസ്‌റ്റിൽ 4006 അപകടങ്ങളും 353 മരണങ്ങളും 4560 പേർക്ക് പരിക്കും സംഭവിച്ചുവെന്നാണ് റിപ്പോർട്. അതേസമയം, 2022 ഓഗസ്‌റ്റിൽ 3366 റോഡ് അപകടങ്ങളും, 307 മരണങ്ങളും 4040 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
അതായത്, 2022 ഓഗസ്‌റ്റിലേതിനേക്കാൾ അപകടങ്ങളും മരണങ്ങളും കൂടുതലാണെന്ന് സാരം. എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹരജിയിലെ എതിർ സത്യവാങ്മൂലത്തിലാണ് അപകടം കുറഞ്ഞതായി സർക്കാർ തെറ്റായ കണക്ക് ഹാജരാക്കിയത്. ക്യാമറ സ്‌ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞുവെന്ന് ഗതാഗത മന്ത്രിയും മുഖ്യമന്ത്രിമുൾപ്പടെ അവകാശവാദം ഉന്നയിക്കുകയും ചെയ്‌തിരുന്നു.
അതിനിടെ, എഐ ക്യാമറ പദ്ധതിയിലെ ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതി അനുമതിയും നൽകിയിട്ടുണ്ട്. ക്യാമറകൾ ജൂൺ 23 മുതൽ പ്രവർത്തനം തുടങ്ങിയെന്നും, ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തുക കൈമാറാൻ അനുമതി നൽകിയത്. പൊതുതാൽപര്യ ഹരജിയിലായിരുന്നു കോടതി നടപടി.
ജൂൺ 23 മുതൽ സംസ്‌ഥാനത്തെ റോഡുകളിൽ ക്യാമറകൾ പ്രവർത്തന സജ്‌ജമാണെന്നും അപകട-മരണ നിരക്കുകൾ കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ആദ്യ ഗഡുവായ 11 കോടി രൂപ കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുവദിച്ചത്. ചുരുക്കി പറഞ്ഞാൽ, വസ്‌തുതാ വിരുദ്ധമായ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ അനുമതി നേടിയെടുത്തതെന്ന് പറയേണ്ടിവരും.
Most Read| ഡെൽഹി മദ്യനയ അഴിമതിക്കേസ്; എഎപി എംപി സഞ്‌ജയ് സിങ് അറസ്‌റ്റിൽ