ബെംഗളൂരു: ക്രിസ്‌മസ് കാലത്ത് മലയാളികൾക്ക് നാട്ടിലെത്താൻ ചിലവേറും. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു. 20ന് എസി സ്ളീപ്പർ എറണാകുളത്തേക്ക് 6000 വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000, തിരുവനന്തപുരം 4700, കോഴിക്കോട് 2700, കണ്ണൂർ 2500 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 16,000–17,000 രൂപയിലെത്തി. 20ന് രാത്രിയിലെ സ്‌റ്റോപ് സർവീസുകൾക്ക് കോഴിക്കോട് 8500- 11,300, കണ്ണൂർ 8500-9500 രൂപ വരെയുമായി ഉയർന്നു. കൂടുതൽ തിരക്കുള്ള 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷ ബെംഗളൂരു മലയാളികൾ കൈവിട്ടിട്ടില്ല.
ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപ് തന്നെ തീർന്നിരുന്നു. ഓണക്കാലത്ത് അനുവദിച്ചിരുന്ന ബയ്യപ്പനഹള്ളി- തിരുവനന്തപുരം നോർത്ത് പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ് സർവീസ് ജനുവരി 20 വരെ നീട്ടിയെങ്കിലും ബുധനാഴ്‌ചകളിൽ ഉച്ചയ്‌ക്ക് 12.45ന് പുറപ്പെടുന്ന സമയക്രമം യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.
ക്രിസ്‌മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിലെ ടിക്കറ്റുകൾ തീർന്നു. 20, 21 തീയതികളിൽ ബസുകളിലെ മുഴുവൻ ടിക്കറ്റ് വിറ്റുതീർന്നു. നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കാത്തതുമാണ് ബസിലെ തിരക്കിന് കാരണം.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി