ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകര കോളേജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്‌ളിന്റെ മകൻ അമൽ ഫ്രാങ്ക്‌ളിൻ (22) ആണ് മരിച്ചത്. അമലിന്റെ സഹോദരൻ വിനയ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ആറുമാസമായി അമൽ ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. സഹോദരനും ബെംഗളൂരുവിലാണ് ജോലി. ഇരുവരും നാട്ടിലേക്ക് വരികെയാണ് അപകടം. ബെംഗളൂരു- മൈസൂരു പാതയിൽ മൊസൂർ ബിലിക്കരെയ്‌ക്ക് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവൽസിന്റെ എസി സ്ളീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. അപകടത്തിൽ നിരവധി മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൈസൂരു കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും