വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സുപ്രധാന പ്രസംഗത്തിന് തയ്യാറെടുക്കുന്നതായി വാഷിംഗ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞ അരിസോണയില്‍ 47052 വോട്ടിന് ബൈഡന്‍ മുന്നിലാണ്. ഇവിടെ വിജയിച്ചാല്‍ ബൈഡന് 11 ഇലക്‌ട്രല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്താം.
ജോര്‍ജിയയില്‍ 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 1500 വോട്ടിന് മാത്രമാണ് ബൈഡന്‍ പിന്നിലുള്ളത്. ഇവരുടെ ചുരുങ്ങിയ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്. ജോര്‍ജിയയില്‍ വിജയിക്കുകയാണെങ്കിലും 16 ഇലക്‌ട്രല്‍ വോട്ട് നേടി 270 എന്ന മാജിക് നമ്പര്‍ ബൈഡന്‍ മറികടക്കും. ട്രംപാണ് ജയിക്കുന്നതെങ്കില്‍ 236 ആയി ട്രംപിന്റെ ഇലക്‌ട്രല്‍ വോട്ട് ഉയരും.
നവാദയില്‍ 84 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 11,438 വോട്ടുകള്‍ക്ക് ബൈഡന്‍ മുന്നിലുണ്ട്. നോര്‍ത്ത് കരോലിനയില്‍ 76737 വോട്ടുകള്‍ക്ക് ട്രംപാണ് മുന്നിലുള്ളത്. ഫ്ളോറിഡയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 51.2 ശതമാനം വോട്ടുകള്‍ നേടി ട്രംപ് വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ബൈഡന് 47.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
അതേസമയം പരാജയം മുന്‍കൂട്ടി കണ്ടതോടെ തിരഞ്ഞെടുപ്പിനെതിരെ നിയമപോരാട്ടം നടത്താനുള്ള ശ്രമത്തിലാണ് ട്രംപ് ക്യാംപ്. വോട്ടെടുപ്പിനെ ചോദ്യം ചെയ്‌ത് ജോര്‍ജിയയിലും മിഷിഗണിലും ട്രംപ് ക്യാംപ് നല്‍കിയ ഹരജികള്‍ കോടതികള്‍ തള്ളി.
Read also: അമേരിക്കന്‍ തെരഞ്ഞെടുപ്പ്; നിയമപോരാട്ടത്തില്‍ ട്രംപിന് തിരിച്ചടി







































