കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ ബന്ദിയാക്കിയ ശേഷം പണം കവർന്നെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. പ്രതി പരാതിക്കാരൻ തന്നെയെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും കൂട്ടാളികളും ചേർന്ന് പണം തട്ടാൻ വേണ്ടി നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നൽകുന്ന വിവരം.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയിൽ നിന്നും 37 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടുകളും കേസിൽ വഴിത്തിരിവായി. 75 ലക്ഷം രൂപ നഷ്ടമായെന്ന് എടിഎം കമ്പനി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയും സുഹൈലും താഹയും മറ്റൊരാളും ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയുമായിരുന്നു.
ഇതേത്തുടർന്ന് സുഹൈലിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേർ ചേർന്ന് തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവർന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സുഹൈൽ പോലീസിനോടും മാദ്ധ്യമങ്ങളോടും പറഞ്ഞത്.
എന്നാൽ, ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേർന്നുള്ള നാടകമാണെന്നാണ് പോലീസ് പറയുന്നത്. സുഹൈലും താഹയും മറ്റൊരാളും ചേർന്നാണ് ഈ നാടകം ആസൂത്രണം ചെയ്തത്. കോലാഹലങ്ങൾ അടങ്ങിയാൽ പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവർച്ച പദ്ധതിയിട്ടത്. രണ്ടുപേർ കാറിലേക്ക് അതിക്രമിച്ച് കയറി എന്ന് പറഞ്ഞ സ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു സുഹൈലിനെ നാട്ടുകാർ കണ്ടെത്തിയത്. എന്നാൽ, വണ്ടിയുടെ ഗ്ളാസ് താഴ്ത്തിയിട്ടിരുന്നതായും ഡോർ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിർണായകമായി. കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പോലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണത്തിന്റെ സ്ഥലത്തുണ്ടായിരുന്നില്ല.
കാറിൽ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദ്ദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാൽ ഒന്നും ഓർമയില്ലെന്നും കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചുവെന്നും ഇവരാണ് പണം കവർന്നതെന്നും സുഹൈൽ പറഞ്ഞിരുന്നു. സുഹൈലിന്റെ മൊഴികളിൽ നിരവധി വൈരുധ്യങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ തന്നെ സംഭവം വ്യാജമാണെന്ന നിഗാനത്തിലായിരുന്നു പോലീസ്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ








































