കൊല്‍ക്കത്ത: ബംഗാളിലെ ഭവാനിപൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരിടാന്‍ അഭിഭാഷകയായ പ്രിയങ്ക തിബ്രെവാളിനെ രംഗത്തിറക്കി ബിജെപി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയാണ് പ്രിയങ്ക.
പ്രിയങ്ക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ചെങ്കിലും തൃണമൂല്‍ സ്‌ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു. 2014ലാണ് ഇവർ ബിജെപിയില്‍ അംഗമായത്. ഭവാനിപൂരിലെ മൽസരം മമതയ്‌ക്ക് നിര്‍ണായകമാണ്. ശ്രീജിബ് ബിശ്വാസ് ആണ് ഇവിടെ ഇടതു സ്‌ഥാനാര്‍ഥി. മമതയ്‌ക്ക് എതിരെ സ്‌ഥാനാർഥിയെ നിർത്തില്ലെന്ന് കോൺഗ്രസ് വ്യക്‌തമക്കിയിരുന്നു.
ഇവിടെ മമതയ്‌ക്കെതിരെ സുവേന്ദു അധികാരിയെ മൽസരിപ്പിക്കില്ലെന്നു ബിജെപി വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിനു പരാജയപ്പെട്ട മമത പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. സുവേന്ദു ഒരു തവണ മമതയെ തോല്‍പ്പിച്ചയാളാണെന്നും, എന്തിനാണ് ഒരു വ്യക്‌തി തന്നെ പല തവണ അവരെ തോല്‍പ്പിക്കുന്നതെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു.
ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി പറഞ്ഞിരുന്നു. മേയ് 5ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ മമത, നവംബര്‍ 5നകം എംഎല്‍എ ആയില്ലെങ്കില്‍ രാജിവെയ്‌ക്കേണ്ടി വരും.
ഇതു ഭരണഘടനാപരമായ പ്രതിസന്ധിക്ക് ഇടയാക്കുമെന്നു ബംഗാള്‍ ചീഫ് സെക്രട്ടറി അറിയിച്ചതിനു പിന്നാലെയാണ് ഭവാനിപൂര്‍ ഉള്‍പ്പെടെ ബംഗാളിലും ഒഡിഷയിലുമായി നാല് മണ്ഡലങ്ങളില്‍ ഈ മാസം 30ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. അടുത്ത മാസം മൂന്നിനാണു വോട്ടെണ്ണല്‍. മമതയ്‌ക്കു വേണ്ടി ഭവാനിപുരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവാണ് രാജിവെച്ചത്.
Also Read: ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും: താലിബാനുമായി ചർച്ച നടത്തണം; യുഎൻ സെക്രട്ടറി ജനറൽ