ന്യൂയോർക്ക്: സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്‌ഗാനിസ്‌ഥാനിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ച നടത്തണമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്‌ട്ര സമൂഹം താലിബാനുമായി ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
താലിബാനുമായി നടത്തുന്ന ചർച്ചകൾ നമ്മുടെ തത്വങ്ങളിൽ ഊന്നിക്കൊണ്ടായിരിക്കണം എന്നും, അഫ്‌ഗാൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ളത് ആയിരിക്കണമെന്നും ഗുട്ടറസ് വ്യക്‌തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ലക്ഷക്കണക്കിന് ആളുകൾ പട്ടിണി മൂലം മരിക്കാനിടയുള്ള, ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ താലിബാൻ സർക്കാറിനെ കുറിച്ചുള്ള ആശങ്കകൾ മാറ്റി നിർത്തി പഴയ പോലെ അഫ്‌ഗാനിലേക്ക് പണമയക്കുന്നത് തുടരണമെന്ന് കഴിഞ്ഞ ദിവസം ലോക രാജ്യങ്ങളോട് ഐക്യരാഷ്‌ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇപ്പോൾ തന്നെ ദരിദ്രമായ രാജ്യം കൂടുതൽ ദാരിദ്ര്യത്തിലേക്ക് പോകുമെന്നും സംഘടന വ്യക്‌തമാക്കി.
Read also: കള്ളക്കേസ് ചമഞ്ഞ് പ്രതിയാക്കാൻ ശ്രമം; ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം