കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫല സൂചനകൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അനുകൂലമാണ്. 10 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 31,000ത്തിൽ അധികം വോട്ടുകൾക്ക് മമത ബാനർജി ലീഡ് ചെയ്യുകയാണ്. 42,122 വോട്ടുകളാണ് മമത ഇതുവരെ നേടിയത്. ബിജെപി സ്‌ഥാനാർഥി പ്രിയങ്ക തിബ്രെവാൾ 10,477 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്‌ഥാനാർഥിക്ക് ഇതുവരെ 1,234 വോട്ടുകൾ മാത്രമാണ് നേടാനായത്. മമതക്ക് പിന്തുണ നൽകി കോൺഗ്രസ് സ്‌ഥാനാർഥിയെ നിർത്തിയിരുന്നില്ല.
രാവിലെ 8 മണിക്കാണ് ഭവാനിപ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണലിന്റെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. 24 കമ്പനി കേന്ദ്ര സേനയെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.
2011ലും 2016ലും ഭവാനിപ്പൂർ നിയമസഭാ സീറ്റിൽ നിന്ന് മൽസരിച്ച മമതാ ബാനർജി പക്ഷെ, 2021ലെ പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടി. എന്നാൽ, തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ മമതയുടെ വിശ്വസ്‌തൻ സുവേന്ദു അധികാരിയോട് ദയനീയമായി പരാജയപ്പെട്ടു. 1956 വോട്ടുകൾക്കാണ് സുവേന്ദുവിനോട് മമത പരാജയപ്പെട്ടത്.
എംഎൽഎ സ്‌ഥാനം ഇല്ലാതിരുന്നിട്ട് കൂടി മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റെടുത്തു. നിയമപ്രകാരം, മുഖ്യമന്ത്രിയായി അധികാരം ഏറ്റ വ്യക്‌തി, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആളാണെങ്കിൽ ചുമതലയേറ്റ് ആറു മാസത്തിനുള്ളിൽ വീണ്ടും ജനവിധി തേടി വിജയിച്ചിരിക്കണം. ഈ സാഹചര്യത്തിലാണ് ഭവാനിപ്പൂരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവിനെ രാജിവെപ്പിച്ച് മമത മൽസരിച്ചത്. മമതക്ക് ഇത് അഭിമാന പോരാട്ടമാണ്. ഈ മൽസരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ മമതക്ക് മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരാൻ സാധിക്കൂ.
Most Read: കൃഷ്‌ണദാസിന്റെ പരാമർശം ഗാന്ധി വധത്തിന് തുല്യം, കേസെടുക്കണം; ഷാഫി പറമ്പിൽ