തിരുവനന്തപുരം: മഹാത്‌മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിനൊപ്പം ചേർന്ന് പ്രവർത്തിച്ചേനെ എന്ന ബിജെപി നേതാവ് പികെ കൃഷ്‌ണദാസിന്റെ പ്രസ്‌താവനക്ക് എതിരെ രൂക്ഷ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. പികെ കൃഷ്‌ണദാസിന്റെ പരാമര്‍ശം ഗാന്ധി വധത്തിന് തുല്യമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
കൃഷ്‌ണദാസിനെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഗാന്ധി വധത്തിന് ശേഷവും അദ്ദേഹം പകര്‍ന്ന് നല്‍കിയ മൂല്യങ്ങളും നാടിന്റെ ഐക്യവും തകര്‍ക്കാന്‍ കഴിയാത്തതിന്റെ അസ്വസ്‌ഥതയാണ് ഇത്തരം പ്രസ്‌താവനകളിലൂടെ പുറത്ത് വരുന്നത്. ഗാന്ധിയുടെ ഹേ റാമിന്റെ അർഥം ‘നാഥുറാമിന്റെ’ ഭക്‌തര്‍ക്ക് മനസിലാവില്ലെന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു.
ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആര്‍എസ്എസ് ആകുമായിരുന്നു എന്ന ബിജെപി നേതാവ് പികെ കൃഷ്‌ണദാസിന്റെ പ്രസ്‌താവന ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദകളില്‍ ഒന്നാണ്. അത് ഗാന്ധിയെ പിന്നെയും വധിക്കുന്നതിന് തുല്യമാണ്. ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു; എംഎല്‍എ പ്രതികരിച്ചു.
ഗാന്ധി ജയന്തി ദിനമായ ഇന്നലെ ഫേസ്ബുക്കിലിട്ട കുറിപ്പിലായിരുന്നു പികെ കൃഷ്‌ണദാസിന്റെ പരാമർശം. ഹിന്ദുവാണെന്ന് ഗാന്ധിജി അഭിമാനിച്ചിരുന്നു. ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്‌ഥാനവും കർമ സിദ്ധാന്തവുമെല്ലാം ഗീതയെ അടിസ്‌ഥാനപ്പെടുത്തി ആയിരുന്നു. ദാർശനിക തലത്തിൽ ഗാന്ധി സ്വയം സേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു. ഗാന്ധിക്ക് പറ്റിയ വലിയ തെറ്റാണ് നെഹ്‌റു; എന്നിങ്ങനെ ആയിരുന്നു കൃഷ്‌ണദാസ് പറഞ്ഞത്.
Most Read: അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് ഗഡ്‌കരി കാണിച്ചു തന്നു; ശരദ് പവാർ