കൊൽക്കത്ത: ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് റെക്കോർഡ് വിജയം. 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി സ്‌ഥാനം ഉറപ്പിച്ചിരിക്കുകയാണ് മമത. ആകെ 84,709 വോട്ടുകളാണ് മമതയ്‌ക്ക് ലഭിച്ചത്. സകല സന്നാഹങ്ങളും മമതയ്‌ക്കെതിരെ പ്രയോഗിച്ചെങ്കിലും പിടിച്ചുനിൽക്കാനാകാതെ ബിജെപി തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
പ്രധാനമന്ത്രി, പ്രതിരോധമന്ത്രി തുടങ്ങിയ താരപ്രചാരകർ ബിജെപിയുടെ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു എങ്കിലും 26,320 വോട്ടുകൾ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ബിജെപിയുടെ പണക്കൊഴുപ്പും ‘ഗ്‍ളാമർ’ പ്രചാരണവും ഭവാനിപുരിൽ കടപുഴക്കി കൊണ്ടായിരുന്നു മമതയുടെ റെക്കോർഡ് വിജയം.
നോട്ടയ്‌ക്ക് കഷ്‌ടിച്ച് തൊട്ടുമുകളിൽ എത്തിയ സിപിഎമ്മും ബംഗാളിൽ തകർന്നടിഞ്ഞു. ബംഗാളില്‍ ബിജെപിയുടെ ഗൂഢാലോചന തകര്‍ന്നെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. ഒപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന സംസേര്‍ഗഞ്ചിലും ജങ്കിപുരിലും മമതയുടെ തൃണമൂൽ കോൺഗ്രസ് തന്നെയാണ് നേട്ടം കൊയ്‌തത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പരാജയപ്പെട്ടതോടെ ഭവാനിപുരിൽ നിന്ന് ജനവിധി തേടുകയായിരുന്നു മമത. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്‌ക്ക് മുഖ്യമന്ത്രി പദവിയിൽ തുടരണമെങ്കിൽ വിജയം അനിവാര്യമായിരുന്നു. നവംബറിന് മുൻപ് ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിൽ മാത്രമേ മുഖ്യമന്ത്രി സ്‌ഥാനം നിലനിർത്താൻ മമതയ്‌ക്ക് സാധിക്കുമായിരുന്നുള്ളൂ.
സെപ്‌റ്റംബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭവാനിപുരിൽ മമതയുടെ വിജയം അനായാസമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്‌ക്കായി സീറ്റ് രാജിവെക്കുകയായിരുന്നു ഇദ്ദേഹം.
അതേസമയം, ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഹ്‌ളാദ പ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് ബംഗാള്‍ സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. സംഘർഷം തടയാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മമതയുടെ എതിർ സ്‌ഥാനാർഥി പ്രിയങ്ക ടിബ്രെവാൾ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കത്ത് നൽകുകയും ചെയ്‌തു.
Also Read: ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു