ഗുവാഹത്തി: ഈ മാസം അവസാനം ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളായി നടക്കുന്ന അസം തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്‌തമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പാർട്ടിക്ക് വേണ്ടി അസമിൽ പ്രചാരണം നടത്തി.
പ്രതിഷേധം, തീവ്രവാദം എന്നിവ തുടച്ചുനീക്കിയതിന് പിന്നാലെ സംസ്‌ഥാനത്ത് നാശം വിതക്കുന്ന വാർഷിക വെള്ളപ്പൊക്കത്തിൽ നിന്നും ബിജെപി സർക്കാർ ജനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് അമിത് ഷാ വാഗ്‌ദാനം നൽകി. വിവാദ പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ വർഷം നടന്ന വ്യാപക പ്രതിഷേധത്തിൽ അസമിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
പതിറ്റാണ്ടുകളായി സംസ്‌ഥാനത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ മൂലം സംസ്‌ഥാനത്ത് ഭീകരതയും കലാപവും കുറഞ്ഞുവെന്ന് രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. അതേസമയം, ബദ്‌റുദ്ദീൻ അജ്‌മലിന്റെ എഐയുഡിഎഫ് പാർട്ടിയെ പങ്കാളിയാക്കിയതിന് അമിത് ഷാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.
നുഴഞ്ഞു കയറ്റക്കാരെയാണ് കോൺഗ്രസ് വോട്ട് ബാങ്കായി കണക്കാക്കുന്നത്. കേരളത്തിൽ അവർ മുസ്‌ലിം ലീഗുമായും പശ്‌ചിമ ബംഗാളിൽ ഐഎസ്‌എഫുമായും അവർ സഖ്യമുണ്ടാക്കിയെന്ന് ഷാ ചൂണ്ടിക്കാട്ടി. അപ്പർ അസമിലെ ടിൻസുകിയ ജില്ലയിലെ നിർണായക സീറ്റായ മാർഗരിറ്റയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ഷാ.
കഴിഞ്ഞ 15 വർഷമായി കോൺഗ്രസാണ് അസം ഭരിക്കുന്നത്. എന്നിട്ടും അവർ ബംഗ്‌ളാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ വിലകുറഞ്ഞ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി അവർ നുഴഞ്ഞുകയറ്റത്തെ പ്രോൽസാഹിപ്പിച്ചു. എന്നാൽ, ബിജെപിയെ അസമിൽ തിരികെ എത്തിക്കുകയാണെങ്കിൽ അനധികൃത കുടിയേറ്റത്തിൽ നിന്ന് സംസ്‌ഥാനത്തെ മോചിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു- അമിത് ഷാ പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ അസമിലെ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ പരിഹരിക്കും. പ്രളയ രഹിത അസമിനായി തങ്ങൾ ഒരു ഉപഗ്രഹ സർവേ നടത്തിയിരുന്നു. പ്രളയ ജലത്തെ ശാസ്‌ത്രീയമായി വഴിതിരിച്ചു വിടാൻ സാധിക്കുന്ന നിരവധി ജലാശയങ്ങൾ സംസ്‌ഥാനത്ത് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. അസമിൽ കാലങ്ങളായി നിലനിന്നിരുന്ന തീവ്രവാദ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപി സർക്കാർ കഠിനമായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തീവ്രവാദ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അഞ്ച് വർഷത്തിനുള്ളിൽ ഈ പ്രശ്‍നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുമെന്നും ഷാ വാഗ്‌ദാനം ചെയ്‌തു.
അസമിൽ ബിജെപി അധികാരം നേടിയാൽ വളരെ വേഗം തന്നെ വികസനം സാധ്യമാകുമെന്ന് രാജ്‌നാഥ് സിങ്ങും പറഞ്ഞു. ബിജെപിയുടെ സിറ്റിങ് എംഎൽഎ പ്രമോദ് ബോർത്താകൂറിന് വേണ്ടിയാണ് ഇരുവരും പ്രചാരണം നടത്തിയത്.
Also Read: കർഷകർ ദരിദ്രരാകുന്നു, സർക്കാർ ഉദ്യോഗസ്‌ഥർ സമ്പന്നരാകുന്നു; മേഘാലയ ഗവർണർ






































