ഡെൽഹി: ബിഎസ്‌പി ദേശീയ തലത്തിലുള്ള പാര്‍ട്ടിയാണെന്നും ബിജെപിയുമായി ഒരു സഖ്യത്തിനും താൽപര്യമില്ലെന്നും ബിഎസ്‌പി നേതാവ് മായാവതി. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക് തിരിച്ചടിയുണ്ടാവില്ലെന്നും ദളിത് വോട്ടുകള്‍ ലഭിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിലാണ് മായാവതിയുടെ പ്രതികരണം.
അമിത് ഷായുടേത് മഹാമനസ്‌കതയാണ്. ദളിത് സമൂഹത്തിന്റെ മാത്രമല്ല മറ്റ് സമുദായങ്ങളുടെ വോട്ടും ബിഎസ്‌പിക്ക് ലഭിക്കുമെന്നും മായാവതി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദളിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഇടയിലുള്ള ബിഎസ്‌പിയുടെ നിലപാടിനെക്കുറിച്ച് നേരത്തേ പ്രസ്‌താവന നടത്തിയിരുന്നു. എതിരാളികളായ രാഷ്‌ട്രീയ പാര്‍ട്ടികളും മാദ്ധ്യമങ്ങളും ബിജെപിയുടെ ബി ടീമാണ് എന്ന നിലയിലാണ് ബിഎസ്‌പിക്കെതിരെ ഷാ വിമർശനം ഉന്നയിച്ചത്.
എന്നാൽ സമാജ്‌വാദി, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികള്‍ക്ക് ജാതി ചിന്താഗതിയുണ്ടെന്ന് പറഞ്ഞ മായാവതി ബിജെപിയുടെ ബി ടീമാണെങ്കില്‍ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് ലോകസഭാ തിരഞ്ഞെടുപ്പിലും സമാജ്‌വാദി പാര്‍ട്ടി ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കിയത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
കൂടാതെ മുന്‍കാലങ്ങളില്‍ മുലായം സിംഗ് യാദവിന്റെ എസ്‌പി സര്‍ക്കാരിന് ബിജെപി പിന്തുണ നല്‍കിയതും അവര്‍ പരാമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടി പൂര്‍ണ ശക്‌തിയോടെ ഒറ്റയ്‌ക്ക് മൽസരിക്കുകയാണെന്നും ബിഎസ്‌പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.
Most Read: വിവാദ ഫേസ്ബുക്ക് പോസ്‌റ്റും ഖേദ പ്രകടനവും; സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ