തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്സി-എസ്ടി സ്പെഷ്യല്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നും പരാതിയിലുണ്ട്. എസ്സി-എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.
വാളയാർ കേസിന്റെ അന്വേഷണത്തിന്റെ വിവരങ്ങൾ അടങ്ങിയ കുറിപ്പാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആദ്യ കുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, ഒരു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്ന് ഹരീഷ് വാസുദേവന്‍ തന്റെ പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. തുടക്കം മുതൽ കുട്ടികളുടെ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സോജനിൽ കുറ്റം കണ്ടെത്താൻ കോടതിക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും ഹരീഷ് വാദിക്കുന്നു. എഴുതിയതില്‍ ഒരു വരി നുണയാണെന്നു തെളിയിക്കാനായാല്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നും, ശേഷം കോടതിയില്‍ കാണാമെന്നും പറഞ്ഞാണ് ഹരീഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Read also: സ്ത്രീധന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല; മുഖ്യമന്ത്രി








































