പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ കുട്ടികളുടെ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചകള്‍ വ്യക്‌തമാണെന്നുമാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്.
അതേസമയം മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിച്ചുവെന്ന് കാണിച്ച് ഭാഗ്യവതി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ധർമ്മടം മണ്ഡലത്തിലെ സ്‌ഥാനാർഥിയായ ഭാഗ്യവതി ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്‌റ്റിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ആദ്യ കുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, ഒരു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും മറ്റൊരിക്കല്‍ അച്ഛനും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്ന് ഹരീഷ് വാസുദേവന്‍ തന്റെ പോസ്‌റ്റിലൂടെ ആരോപിച്ചിരുന്നു. തുടക്കം മുതൽ കുട്ടികളുടെ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
കേസിന്റെ ഇതുവരെയുള്ള നാൾവഴികൾ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവൻ കുറിപ്പെഴുതിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി സോജനിൽ കുറ്റം കണ്ടെത്താൻ കോടതിക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും ഹരീഷ് വാദിക്കുന്നു. എഴുതിയതില്‍ ഒരു വരി നുണയാണെന്നു തെളിയിക്കാനായാല്‍ തനിക്കെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുക്കണമെന്നും, ശേഷം കോടതിയില്‍ കാണാമെന്നും പറഞ്ഞാണ് ഹരീഷ് തന്റെ പോസ്‌റ്റ് അവസാനിപ്പിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ ഹരീഷിന്റെ പോസ്‌റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പോസ്‌റ്റിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ വ്യക്‌തിഹത്യ നടത്തുകയാണെന്ന് ആരോപിച്ചാണ് ഭാഗ്യവതി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. താൻ ഒരു തരത്തിലും പ്രതിയല്ലാത്ത തന്റെ മക്കളുടെ കൊലപാതക കേസിൽ തന്നെ ചേർത്തുവച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും അവർ പരാതിയിൽ പറയുന്നു.
Read Also: ദേവഗണങ്ങൾ അസുരൻമാരുമായി കൂട്ട് കൂടാറില്ല; മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി