ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്‌ചയോടെ ഉണ്ടാകും. പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർഥികളുടെ 9,10,11 ക്ളാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്.
സിബിഎസ്ഇ പരീക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ രണ്ട് നിർദ്ദേശങ്ങളാണ് പ്രധാനമായും ഉയർന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്‌ജക്‌ടീവ് മാതൃകയിൽ നടത്തുക.
പരീക്ഷയ്‌ക്ക് മുൻപ് വിദ്യാർഥികൾക്കും ഉദ്യോഗസ്‌ഥർക്കും വാക്‌സിനേഷൻ നടത്തണമെന്ന നിർദ്ദേശവും സംസ്‌ഥാനങ്ങൾ യോഗത്തിൽ വ്യക്‌തമാക്കിയിരുന്നു. മിക്ക സംസ്‌ഥാനങ്ങളും ലോക്ക്ഡൗൺ തുടരുന്നത് പരീക്ഷാ നടത്തിപ്പിന് പ്രതിസന്ധിയാണ് എന്നും അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പരീക്ഷ പൂർണമായും റദ്ദാക്കാമെന്ന തീരുമാനം സിബിഎസ്ഇ പരിഗണിക്കുന്നത്.
ജൂൺ ഒന്നിന് നടക്കുന്ന യോഗത്തിലാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അതേസമയം പരീക്ഷ മാറ്റിവെക്കണമെന്ന ഹരജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും.
Must Read: ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങൾ; മന്ത്രി മുഹമ്മദ് റിയാസ്






































